കലിതുള്ളി കടൽ; കണ്ണീരണിഞ്ഞ് തീരവാസികൾ
text_fieldsകൊച്ചി: മഴക്കെടുതിക്കൊപ്പം ജില്ലയിൽ കടൽക്കലിയും ദുരിതം വിതക്കുന്നു. എടവനക്കാടുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിന് പിന്നാലെ നാട്ടുകാരൊന്നാകെ ‘ക്ഷോഭിച്ച്’ രംഗത്തെത്തിയതോടെ പ്രദേശമാകെ പ്രക്ഷുബ്ധമായി. എടവനക്കാടിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
കാലങ്ങളായി കടൽക്ഷോഭത്തിൽ തങ്ങൾ ദുരിതമനുഭവിച്ചിട്ടും പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച പ്രദേശത്ത് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെല്ലാനം മേഖലയിലും കടൽക്ഷോഭം രൂക്ഷമായിരുന്നു. പുത്തന്‍തോട്, കണ്ണമാലി തുടങ്ങിയ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിലെല്ലാം ആധിയോടെ, ജീവൻ കൈയ്യിൽ പിടിച്ചാണ് സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾ കഴിയുന്നത്.
തിരയടിച്ച് വീട് തകർന്നു
പള്ളുരുത്തി: ശക്തമായ തിരയടിച്ച് കണ്ണമാലിയിൽ മത്സ്യത്തൊഴിലാളിയുടെ വീട് തകർന്നു. പുത്തൻതോട് പത്താം വാർഡിൽ പൊള്ളയിൽ ബെഞ്ചമിന്റെ വീടാണ് ബുധനാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ചു.
കുടുംബാംഗങ്ങളെ മുഴുവൻ തൊട്ടടുത്ത ബന്ധുവീടുകളിലേക്ക് മാറ്റി. മേഖലയിലെ പല വീടുകൾക്കുള്ളിലും കടൽ കയറിയതിനാൽ മണൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. ടോയ് ലറ്റ് ക്ലോസറ്റുകൾ വരെ മണ്ണ് കയറി മൂടി. ഴാഴ്ച കടൽ കയറിയെങ്കിലും തീവ്രത അനുഭവപ്പെട്ടില്ല. ബുധനാഴ്ച കടൽ ഇത്ര കലിപൂണ്ട് നൂറു കണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മണൽ വാരി തടവെക്കുന്ന പ്രവൃത്തി ചെയ്തുവെങ്കിലും ഇത് കണ്ണിൽ പൊടിയിടാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കോരി വെക്കുന്ന മണൽ തിരയടിയേറ്റ് പരന്നു പോകുമെന്നും ഇവർ പറയുന്നു. തെക്കൻ ചെല്ലാനം മേഖലയിൽ ടെട്രാപോഡ് സ്ഥാപിച്ചത് പോലെ വടക്കൻ മേഖലയിലും സ്ഥാപിക്കണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു.
സംസ്ഥാനപാത ഉപരോധിച്ച് തീരദേശ ജനത
വൈപ്പിന്‍: അഞ്ച് ദിവസമായി തുടരുന്ന ശക്തമായ കടൽ ക്ഷോഭത്തിൽ വീടുവിട്ടിറങ്ങേണ്ടി വന്നിട്ടും ഉത്തരവാദപ്പെട്ടവരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ച് എടവനക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ വൈപ്പിൻ മുനമ്പം സംസ്ഥാന പാത ഉപരോധിച്ചു.
ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ എടവനക്കാട് വില്ലേജ് ഓഫിസിന് മുന്നിലാണ് സംസ്ഥാനപാത ഉപരോധിച്ചത്. രാവിലെ എട്ടോടെ ആരംഭിച്ച സമരം വൈകിട്ട് ആറ് വരെ നീണ്ടു. സമരക്കാർ പഴങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിക്കുകയായിരുന്നു.
ശക്തമായ മഴയത്തും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഷീറ്റ് കെട്ടി റോഡിൽ കുത്തിയിരുന്നു. റോഡിൽ ഭക്ഷണം പാകം ചെയ്തും കഴിച്ചും പ്രതിഷേധം ശക്തമാക്കി. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ ഒന്നും തന്നെ കടത്തിവിട്ടില്ല. ഇരു ചക്ര വാഹനങ്ങൾ പോക്കറ്റ് റോഡിലൂടെ വഴി തിരിച്ചു വിട്ടു. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ മണിക്കൂറുകളോളം സംസ്ഥാന പാതയിൽ കുടുങ്ങിക്കിടന്നു.
സ്വകാര്യ ബസുകളിൽ ചിലത് സർവീസ് നിർത്തിവെച്ചു. ജോലിക്കും മറ്റുമായി ഇറങ്ങിയ നിരവധി യാത്രക്കാർ ഇതോടെ ദുരിതത്തിലായി. സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സമരക്കാരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം തുടക്കത്തിലേ വിഫലമായി.
പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും നേതാക്കളും സമരത്തിൽ അണിനിരന്നു. ഉച്ചയോടെ ചർച്ചകൾക്കായി ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീര, തഹസിൽദാർ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥലത്തെത്തി.
ഉദ്യോഗസ്ഥർ നൽകിയ വാഗ്ദാനങ്ങൾ സമരക്കാർക്ക് സ്വീകാര്യമായില്ല. പ്രദേശവാസികൾ ബഹളം വെച്ചതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് കടലാക്രമണ പ്രദേശങ്ങൾ സബ് കലക്ടർ സന്ദർശിച്ചു.
ചർച്ചക്കായി സമരക്കാരെ വെള്ളിയാഴ്ച ഉച്ചക്ക് കലക്ടറേറ്റിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചു. കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ എടവനക്കാട് പഞ്ചായത്തിൽ സമരസമിതി ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
മഴയെ അവഗണിച്ചും നൂറു കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുത്തത്. സമരപന്തലിലെത്തിയ കോൺഗ്രസ് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. ഷൈജു, പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽ സലാം, പി.എച്ച്. ബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.പി. വിൽസൻ, എം.കെ. മനാഫ്, കെ.ജെ. ആൽബി, എ.കെ. സരസൻ, ടി.എ. ജോസഫ്, വി.കെ. ഇക്ബാൽ, സുൽഫിക്കർ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കടൽഭിത്തിക്കും പുലിമുട്ടിനും തീരദേശറോഡിനും വേണ്ടി മേജർ ഇറിഗേഷൻ വകുപ്പിൽനിന്നും പ്രൊജക്ടുകളോ മേൽ സമ്മർദ്ദങ്ങളോ ഇല്ലാതെ വന്നതാണ് കാര്യങ്ങൾ ഇത്രത്തോളം സങ്കീർണ്ണമാകാൻ കാരണമായത്. ചർച്ചയിൽ അനുകൂല സാഹചര്യം ഉടലെടുത്തില്ലെങ്കിൽ സമരം തുടരും.
ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ചരാവിലെ ആറു മുതൽ വൈകീട്ട് ആറ്വരെ എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ നടത്താൻ തീരുമാനിച്ചതായും തീരദേശ സംരക്ഷണ ജനകീയ സമര സമതി കൺവീനർ കെ.ആർ. സനിൽകുമാർ പറഞ്ഞു.
കൂടുതൽ വീടുകൾ വെള്ളത്തിലായി
വൈപ്പിൻ: നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പ്രദേശങ്ങളിൽ കടൽക്ഷോഭം മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച നിരവധി വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളെക്കാൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളക്കെട്ട് വ്യാപിച്ചു. പലയിടങ്ങളിലും റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്.
കടല്‍ തീരത്ത് നിന്ന് കിഴക്ക് മാറിയുള്ള മേഖലകളിലെ ചെമ്മീന്‍ പാടങ്ങളും ഇതോടനുബന്ധിച്ചുള്ള തോടുകളും നിറഞ്ഞുകവിഞ്ഞതോടെ പാടങ്ങളുടെ പരിസരത്തെ വീട്ടുവളപ്പിലേക്കും വെള്ളം കയറി. പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. സാധാരണ തിരമാലകള്‍ കടല്‍ ഭിത്തിയിലടിച്ച് ചിതറുന്നതാണ് പതിവെങ്കില്‍ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നതോടെ അതി ഭീകരമായാണ് കടല്‍ തീരത്തേക്ക് ആഞ്ഞടിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലേക്കാൾ കനത്തതാണ് ഇത്തവണത്തെ കടലാക്രമണമെന്ന് തീരപ്രദേശവാസികൾ പറയുന്നു. മറ്റൊരു പ്രശ്നം കരയിലേക്ക് എത്തുന്ന വെള്ളം കിഴക്കോട്ട് ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാത്തതാണ്. നേരത്തെ ഇതിനായി കൈത്തോടുകളും മറ്റും ധാരാളം ഉണ്ടായിരുന്നു. അതില്‍ പലതും നികന്നു പോവുകയോ മനപൂർവം നികത്തുകയോ ചെയ്തിട്ടുണ്ട്. ഇവ തുറക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.