കരപിടിക്കാതെ കടൽ ജീവിതം; മീൻ വലയിൽ കുരുങ്ങിയ ജീവിതങ്ങൾ
text_fieldsഒന്നിനു പുറകെ ഒന്നായുള്ള ദുരിതച്ചുഴിയില്‍ ആടി ഉലയുകയാണ് തീരക്കടല്‍-ആഴക്കടല്‍ മത്സ്യബന്ധന മേഖല. കാലാവസ്ഥ വ്യതിയാനം, ഇന്ധന വിലവര്‍ധന, മാറിമറിയുന്ന നിയമങ്ങള്‍, കുറഞ്ഞുവരുന്ന മത്സ്യവൈവിധ്യം, നിറഞ്ഞുകവിയുന്ന പ്ലാസ്റ്റിക് മാലിന്യം, അപകടങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി ഈ മേഖലയെ വരിഞ്ഞുമുറുക്കുന്നത്. നഷ്ടപ്പെടുന്ന സമുദ്ര ജൈവ വൈവിധ്യം പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ തൊഴിലിടങ്ങളിലും സമൂഹിക അന്തരീക്ഷത്തിലും എല്പിക്കുന്ന ആഘാതം വളരെ വലുതാണ്. മത്സ്യലഭ്യതയില്‍ വരുന്ന കുറവ് പലതരത്തിലുള്ള പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്. ക്ഷാമം ആദ്യം പ്രതിഫലിക്കുക പ്രാദേശിക വിപണിയിലാണ്. കിട്ടുന്ന ചരക്കിന്റെ ചെറിയൊരു ശതമാനം മാത്രമാണ് സാധാരണ മാർക്കറ്റുകളിലേക്ക് എത്തുന്നത്. വന്‍തോതിലുള്ള തൊഴില്‍ നഷ്ടമാണ് ഫലം. മത്സ്യങ്ങള്‍ക്ക് വില വർധിക്കുന്നത് കുടുംബബജറ്റുകളെയും തകിടം മറിക്കും.
ഇരുട്ടടിയാണ് ഇന്ധന വില
ബോട്ട് വ്യവസായ മേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളിലൊന്നാണ് ഇന്ധന വിലവര്‍ധന. വേണ്ടതിലധികം വലുപ്പമുള്ള ബോട്ടുകളും ആവശ്യത്തിലേറെ കപ്പാസിറ്റിയുള്ള എന്‍ജിനുകളും ഈ രംഗത്ത് ഇപ്പോള്‍ വ്യാപകമാണ്. ഇത് ഇന്ധനമടക്കമുള്ള പല കാര്യങ്ങളിലും ചെലവ് വര്‍ധിപ്പിക്കുകയും ലാഭത്തില്‍ കുറവു വരുത്തുകയും ചെയ്യുന്നു. 85 അടി നീളമുള്ള ബോട്ടും 400 എച്ച്.പി ശക്തിയുള്ള എന്‍ജിനും മതിയെന്നിരിക്കെ 90 അടി വലുപ്പവും 500 കുതിരശക്തി എൻജിനുമുള്ള ബോട്ടുകള്‍ ഇപ്പോള്‍ നിരവധിയാണ്. ഡീസൽ ഉപഭോഗവും മറ്റും വന്‍തോതില്‍ വർധിപ്പിക്കുന്ന ഇത്തരം രീതികളും ലാഭം കുറയാനിടയാക്കുന്നു. ഒപ്പം ഡീസല്‍ വിലവര്‍ധനയും മത്സ്യമേഖലയുടെ നട്ടെല്ലൊടിക്കുന്നു. കര്‍ണാടകപോലുള്ള സംസ്ഥാനങ്ങളില്‍ ഇന്ധന വില സബ്സിഡിയും മത്സ്യവാഹനങ്ങള്‍ക്ക് നികുതി ഇളവും നല്കുമ്പോള് കര്‍ണാടകക്ക് ഒപ്പമോ അതില്‍ കൂടുതലോ തീരമുള്ള കേരളത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നില്ല. സബ്സിഡിയില്ലെങ്കിലും ഡീസലിന്റെ സെസ് ചാര്‍ജെങ്കിലും ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നാല് ലക്ഷം രൂപയുടെ മീൻ ലഭിച്ചാലും ഒരാഴ്ചക്കുശേഷം തീരത്തെത്തുമ്പോൾ ചെലവു കഴിച്ച് വലിയ ലാഭം കിട്ടാത്ത സാഹചര്യമാണ്.
ബോട്ടുകളും ‘ചാകരപോലെ’
ഒരുവശത്ത് കെട്ടിയിടുന്ന വിറ്റൊഴിയുന്ന ബോട്ടുകളുടെ എണ്ണം കൂടുംതോറും മറുവശത്ത് പുതിയ ബോട്ടുകള്‍ അനിയന്ത്രിതമായി വർധിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും ഇപ്പോഴില്ല. പണമുണ്ടെങ്കില്‍ ആർക്കും ബോട്ട് നിർമിച്ച് കടലിലിറക്കാം. ഇതിനുസരിച്ച് കടലിലെ മത്സ്യസമ്പത്ത് വര്‍ധിക്കുന്നില്ലെന്നതിനാല്‍ ഓരോ ബോട്ടിനും ലഭിക്കുന്ന മത്സ്യത്തിന്റെ അളവില്‍ കുറവു വരും. ഐസിനും എന്‍ജിനും സ്പെയർ പാർട്സുകള്‍ക്കും വലകള്ക്കുമെല്ലാം ഓരോ വർഷവും കൂടുതൽ പണം ചെലവാക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇക്കുറി ട്രോളിങ് നിരോധനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഭൂരിപക്ഷം പരമ്പരാഗത വള്ളങ്ങൾക്കും മെച്ചപ്പെട്ട തോതിൽ ചരക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.
പുറംകടലില്‍ ദൈവം തന്നെ തുണ
ജീവന് പണയംവെച്ചുള്ള ഒരു കളിയാണ് മത്സ്യബന്ധനം. പണ്ട് തീരത്ത് തന്നെ മീന്‍ കിട്ടിയിരുന്ന സാഹചര്യത്തില്‍ അധികം അകലേക്കൊന്നും പോകേണ്ടി വന്നിരുന്നില്ല. എന്നാല്‍, മത്സ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ കപ്പല്‍ ചാലുകളിലേക്ക് കടന്നുചെന്ന് മീന്‍ പിടിക്കേണ്ട സാഹചര്യമാണ്. ഇതിനാൽ കാലാവസ്ഥ മുന്നറിയിപ്പുപോലും അവഗണിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. കപ്പല്‍ ബോട്ടില്‍ ഇടിച്ചുള്ള അപകടങ്ങളും മുനമ്പത്ത് സംഭവിച്ചിട്ടുള്ളത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
വിദേശ ട്രോളറുകള്‍ക്ക് നിയന്ത്രണമില്ല
കേരള തീരത്ത് മത്സ്യബന്ധന വിലക്കും ട്രോളിങ് നിരോധനവുമൊക്കെ നടപ്പാക്കി ബോട്ടുകളെ മത്സ്യബന്ധനത്തില്‍നിന്ന് മാറ്റി നിര്‍ത്തുമ്പോഴും വിദേശ ട്രോളറുകള്‍ 365 ദിവസവും കടലില്‍ കിടന്നു മീന്‍ പിടിക്കാന്‍ അനുവാദമുണ്ട്. അവര്‍ക്ക് നിയന്ത്രണം ബാധകമല്ല. അന്താരാഷ്ട്ര പരിധിയിലാണ് ഇവര്‍ മീന്‍ പിടിക്കുന്നത് എന്നു പറയുമ്പോഴും ഇന്ത്യ സമുദ്ര പരിധിയിലേക്ക് എത്തിയാലും മോണിറ്റര്‍ ചെയ്യപ്പെടാന്‍ സംവിധാനമില്ല. 10 ഫിഷിങ് ബോട്ട് ഒരുമിച്ചുപിടിക്കുന്ന മീനുകള്‍ ട്രോളറുകള്‍ കാമറ ഇറക്കി ഒറ്റയടിക്ക് പിടിച്ചുകൊണ്ടുപോകുന്ന സാഹചര്യമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.