രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും നിർമിക്കണമെന്ന് ഹരജി
text_fieldsകൊച്ചി: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ കലൂർ -കാക്കനാട് പാത ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും വരുന്ന വിധം ഡബിൾ ഡക്കർ ഡിസൈനിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കലൂർ-കാക്കനാട് റൂട്ടിലും സീപോർട്ട് -എയർപോർട്ട് റോഡിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇത്തരം ഡിസൈനിലൂടെ സാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ലയാണ് ഹരജി നൽകിയത്.
നാഗ്പൂരിലും ബംഗളൂരുവിലും ഡബിൾ ഡക്കർ ഡിസൈൻ നടപ്പാക്കിയിട്ടുണ്ടെന്നും കൊച്ചിപോലെ സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ അനുയോജ്യമാണ് ഈ രീതിയെന്നും ഹരജിയിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വലിയ വാഹനങ്ങൾക്കടക്കം പോകാനുള്ള മേൽപാലമാണ് നിർമിച്ചത്. എന്നാൽ, നിർമാണച്ചെലവ് വർധിക്കുമെന്നതിനാൽ ഇവിടെ ഇടത്തരം വാഹനങ്ങൾക്ക് പോകാനുള്ള മേൽപാലമെങ്കിലും പണിയണം. റോഡിൽനിന്ന് 5.5 മീറ്റർ ഉയരത്തിൽ മേൽപാലവും പാലത്തിൽനിന്ന് മൂന്നര മീറ്റർ ഉയരത്തിൽ മെട്രോ റെയിലും കൊണ്ടുവരാനാവും.
ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാക്കനാട് വഴി ലക്ഷക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. വർഷംതോറും ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്നുമുണ്ട്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുശേഷവും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ഘട്ടത്തിന് ശേഷമെങ്കിലും ഉണ്ടാകാതിരിക്കാൻ ഈ രീതി നടപ്പാക്കണം.
വൈറ്റിലയിൽ മെട്രോയുടെയും മേൽപാലത്തിന്റെയും നിർമാണ സമയത്ത് സർക്കാരിന്റെ രൂപരേഖ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ബദൽ രൂപരേഖ സർക്കാരിന് ഹരജിക്കാരൻ സമർപ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് നിരസിച്ചു. ബൈപാസിലൂടെ പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പാലം പ്രയോജനപ്പെടുന്നത്. വൈറ്റില ഹബ്ബിലേക്ക് പോകുന്നതടക്കം മറ്റ് റോഡുകൾ എപ്പോഴും ഗതാഗതക്കുരുക്കിലാണ്. ഇത് പരിഹരിക്കാൻ ഇനി വൈറ്റിലയിൽ ഒന്നും ചെയ്യാനുമാവില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.