പുതുവർഷാഘോഷം പടിവാതിൽക്കൽ; ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതം
text_fieldsഫോർട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവർഷാഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തന രഹിതം. കഴിഞ്ഞവർഷം പുതുവർഷ തലേന്ന് അഞ്ചുലക്ഷം സന്ദർശകർ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ് സുരക്ഷാ കാമറകൾ പ്രവർത്തിക്കാത്തത്. പൊലീസും സി.എസ്.എം.എല്ലും ചേർന്ന് സ്ഥാപിച്ച കാമറകളാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്നത്. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതാണ് കാമറകൾ കണ്ണടക്കാൻ കാരണമത്രെ. സി.എസ്.എം.എൽ 67 കാമറയാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചത്. ഇതിൽ മൂന്ന് കാമറ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വൈദ്യുതി ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നതാണ് ശ്രദ്ധേയം. ഈ കാമറകളുടെ കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്നത് കലൂർ മെട്രോ സ്റ്റേഷനാണ്. ഈ മാസം 10 മുതലാണ് കൊച്ചിൻ കാർണിവൽ, പുതുവർഷാഘോഷങ്ങൾ ആരംഭിക്കുന്നത്. കാർണിവൽ കാണാൻ വിദേശികളടക്കം ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുമ്പോൾ കാമറകൾ പ്രവർത്തിക്കാത്തത് പൊലീസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞദിവസം ഫോർട്ട്കൊച്ചിയിൽ നടന്ന ഒരു കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾക്കായി പൊലീസിന് സ്വകാര്യവ്യക്തികളെ സമീപിക്കേണ്ടി വന്ന സാഹചര്യമുണ്ടായി.
സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ അത് കണ്ടെത്താൻ കാമറകൾ അനിവാര്യമാണ്. ആഘോഷവേളയിൽ ലഹരിമരുന്നുകളുടെ ഒഴുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കാമറകൾ ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.