ഡ്രാക്കുള, കാര, ഉറുമീസ് അടക്കം 32 ഗുണ്ടകളെ ജയിലിലടച്ചു; സിംബാവേ, കുരുവി തുടങ്ങി 33 പേരെ നാടുകടത്തി
text_fieldsആലുവ: ഗുണ്ട പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കുന്നതിന് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലയില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. കുറ്റകൃത്യങ്ങളെകുറിച്ചും ക്രമസമാധാനനില സംബന്ധിച്ച് ആലുവയിലുള്ള റൂറൽ ജില്ല ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിലാണ് കുറ്റവാളികൾക്കെതിരെ നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എസ്. വിജയ് സാഖറെ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക്, അഡീഷണല്‍ എസ്.പി കെ. ലാൽജി, എ.എസ്.പി അരുൺ കെ. പവിത്രൻ, ഡി.വൈ.എസ്പിമാർ എന്നിവർ പങ്കെടുത്തു.
കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമായി തുടരുന്നുണ്ടെന്നും ഇതിന് പുറമേയാണ് കൂടുതൽ കർശന നടപടികളിലേക്ക് കടക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രാക്കുള സുരേഷ്, കാര രതീഷ്, ടോണി ഉറുമീസ് അടക്കം 32ഓളം ഗുണ്ടകളെ ജയിലിലടച്ചിട്ടുണ്ട്. സതീഷ് സിംബാവേ, കുരുവി അരുൺ തുടങ്ങി 33 പേരെ നാടുകടത്തുകയും ചെയ്തു.
ഗുണ്ടാ പ്രവർത്തനങ്ങളിലും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ നിരീക്ഷിക്കും. ഇവർ മയക്കുമരുന്ന്കടത്ത് പോലുള്ള കേസുകളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും തീരുമാനിച്ചു. 2019-2021 കാലയളവിൽ സാമൂഹ്യവിരുദ്ധർക്കെതിരെ റൂറൽ ജില്ലയിൽ കാപ്പ നിയമ പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഗുരുതര സ്വാഭാവമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നടത്തി പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നവർക്കെതിരെയാണ് നടപടിയെടുത്തത്.
ജയിലിലായ ഗുണ്ടകൾ
കുപ്രസിദ്ധ ക്രിമിനലുകളായ അനസ് പെരുമ്പാവൂർ, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോർത്ത് പറവൂർ സ്വദേശി പൊക്കൻ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തൻകുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളംന്തുരുത്തി സ്വദേശി അതുൽ സുധാകരൻ എന്നിവർ ഉൾപ്പെടെ 32ഓളം പേരെയാണ് ഇക്കാലയളവിൽ ജയിലിൽ അടച്ചത്.
33 പേരെ നാടുകടത്തി
കിഷോർ, സതീഷ് എന്ന സിംബാവേ, നിഖിൽ കൂട്ടാല, വിനു കെ. സത്യൻ, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദർശ്, വിഷ്ണുരാജ്, ഷാൻ, വിഷ്ണു, മനു നവീൻ, ആഷിക് പഞ്ഞൻ, അഖിൽ എന്ന ഉണ്ണിപാപ്പാൻ, അമൽജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വർഗ്ഗീസ്, ഡിപിൻ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെൻസിൽ, ഗോഡ്സൺ, കുരുവി അരുൺ എന്നു വിളിക്കുന്ന അരുൺ എന്നിവർ ഉൾപ്പെടെ 33 ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് റൂറൽ ജില്ലയിൽ നിന്നും നാടുകടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.