കൊച്ചിയിൽ സെപ്റ്റിക് മാലിന്യ സംസ്കരണം തോന്നുംപടി
text_fieldsകൊച്ചി: സെപ്റ്റിക് ടാങ്ക് മാലിന്യം വഴിയോരങ്ങളിലും പുഴകളിലും പൊതു ഇടങ്ങളിലും ഒഴുക്കുന്ന സാമൂഹികവിരുദ്ധരെ പിടികൂടാൻ കഴിയാതെ അധികൃതർ.
മാലിന്യം ശേഖരിക്കുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്താനോ സംഭരിക്കുന്നത് എവിടെ തള്ളുന്നുവെന്ന് പരിശോധിക്കാനോ സംവിധാനങ്ങളില്ലാത്തതാണ് ഇത്തരക്കാർക്ക് അനുകൂലമാകുന്നത്.
അനുമതിയില്ലാതെയാണ് ഇക്കൂട്ടരുടെ പ്രവർത്തനങ്ങളെന്ന് കൊച്ചി കോർപറേഷൻ സാക്ഷ്യപ്പെടുത്തുന്നു.
സമൂഹമാധ്യമങ്ങളിലും കോർപറേഷൻ പരിധിയിൽ ചുവരുകളിലും വൈദ്യുതി പോസ്റ്റുകളിലുമടക്കം പരസ്യം നൽകി ശുചീകരണത്തിന് ആളുകൾ എത്തുന്നുണ്ടെങ്കിലും പലപ്പോഴും സംസ്കരണം തോന്നുംപടിയാകുന്നുവെന്നാണ് ആക്ഷേപം.
വീടുകൾ, ഫ്ലാറ്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വൻതുകക്ക് സെപ്റ്റിക് ടാങ്ക് ശുചീകരിച്ച് മാലിന്യം ഏറ്റെടുക്കുന്നവർ വഴിയരികിലും തോടുകളിലും മറ്റും ഉപേക്ഷിക്കുന്നത് പതിവാണ്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം കൊച്ചി കോർപറേഷനിൽനിന്ന് ലഭിച്ച മറുപടിയിലാണ് നഗരത്തിൽ സെപ്റ്റിക് മാലിന്യ ശുചീകരണത്തിന് കോർപറേഷൻ പ്രത്യേക അനുമതിയൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
അനധികൃത സംഘങ്ങളെക്കുറിച്ച വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു. കോർപറേഷൻ പരിധിയിൽ പ്രതിദിനം 5000 ലിറ്റർ ശേഷിയുള്ള 40 വാഹനങ്ങൾക്ക് ബ്രഹ്മപുരം സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാൻറിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പാസ് സംവിധാനത്തിലൂടെ അനുമതി നൽകിവരുന്നുണ്ട്.
മറ്റുള്ളവർ എങ്ങനെയാണ് മാലിന്യ സംസ്കരണം നടത്തുന്നതെന്ന് അറിയില്ലെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു.
അനധികൃതമായി വഴിയരികിലും മറ്റും മാലിന്യം ഒഴുക്കുന്ന സംഭവങ്ങളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.