മെട്രോ തൂണിലെ ചരിവ് ഗുരുതര പിഴവ്: സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമുണ്ടായേക്കും
text_fieldsകൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിന് ചരിവ് കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിന് ആലോചിച്ച് സർക്കാർ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും നടപടി. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തുതന്നെ അപൂർവമായ പിഴവ് കണ്ടെത്തിയിട്ടും പരിശോധന കെ.എം.ആർ.എല്ലിലും ഡി.എം.ആർ.സിയിലും മാത്രമായി ചുരുങ്ങുന്നുവെന്ന ആരോപണവുമുണ്ട്. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയതോടെ സംഭവം ഡി.എം.ആർ.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഭൗമ സാങ്കേതിക പഠനത്തിൽ തൂണിന്‍റെ ചരിവ് ഒറ്റപ്പെട്ടതാണെന്നാണ് വിലയിരുത്തുന്നത്. ആലുവ മുതല്‍ പേട്ടവരെ ആകെയുള്ള 975 മെട്രോ തൂണില്‍ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയം. മറ്റ് മെട്രോ തൂണുകളിലും വിശദ പരിശോധന നടത്താനാണ് നീക്കം.
തൂണ് നിർമിക്കുമ്പോൾ നാല് പൈലുകൾ ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ തൂണിന്‍റെ പൈലിങ്ങില്‍ ഇനി അറ്റകുറ്റപ്പണി നടക്കില്ല. അതിനാൽ ചരിവ് കണ്ടെത്തിയ തൂണിന്‍റെ പൈലിങ് ബലപ്പെടുത്തുകയാണ് ചെയ്യുക. ഇതിനായി നാല് വശങ്ങളിൽനിന്നും എട്ടുമുതൽ 10 മീറ്റർ വരെ കുഴിയെടുക്കും. ഇതിന് ചുറ്റും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും. അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരായ എല്‍ ആൻഡ് ടി കമ്പനിയായിരിക്കും വഹിക്കുക.
തിങ്കളാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. 24 മണിക്കൂറും നീളുന്ന പ്രവർത്തനങ്ങളായിരിക്കും നടക്കുക. ഏപ്രിൽ അവസാനത്തോടെ പണികൾ പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി. അതേസമയം, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പത്തടിപ്പാലം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.