സെർവർ തകരാർ: ജനറൽ ആശുപത്രിയിൽ രോഗികളുടെ നീണ്ട ക്യൂ
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ബില്ലിങ് കൗണ്ടർ പ്രവർത്തനം മന്ദഗതിയിലായത് രോഗികളെ വലച്ചു. സോഫ്റ്റ്വെയർ സെർവർ തകരാറിനെ തുടർന്നാണ് ബില്ലിങ് വൈകിയത്. ഇതോടെ കൗണ്ടറിന് മുന്നിലെ നിര നീണ്ടു. ഏറ്റവുമധികം തിരക്കുണ്ടാകാറുള്ള രാവിലെ മുതൽ ഉച്ചവരെ വലിയ വരിയാണ് രൂപപ്പെട്ടത്. പലവിധ അസുഖങ്ങളാൽ ചികിത്സ തേടിയെത്തിയ രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം വരി നിന്ന് വലഞ്ഞു. ഏതാനും ദിവസങ്ങളായി സെർവർ തകരാർ കാരണം പ്രശ്നം അനുഭവിക്കുന്നുണ്ട്.
ബുധനാഴ്ച ഇത് കൂടുതൽ രൂക്ഷമാകുകയായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ബില്ലിങ് പ്രവർത്തനങ്ങളും നടക്കുന്നത് ഇ-ഹെൽത്ത് സോഫ്റ്റ്വെയറിലൂടെയാണ്. ഇതിലുണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് പ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്. നിരവധി സർക്കാർ ആശുപത്രികളിൽ ഇതേ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ തിരക്കേറുമ്പോഴാണ് പ്രവർത്തനം മന്ദഗതിയിലാകുന്നതെന്ന് അധികൃതർ പറഞ്ഞു.
ഡെങ്കിപ്പനിയടക്കം രോഗങ്ങളുമായി നിരവധിയാളുകൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. സ്കാനിങ്, എക്സ്റേ തുടങ്ങിയവയുടെ ബില്ല് അടക്കാനും നിരവധിയാളുകൾ സാങ്കേതിക പ്രശ്നം കാരണം കാത്ത് നിൽക്കേണ്ടി വരുന്നു. വരുംദിവസങ്ങളിലും സമാന ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം. സാങ്കേതിക പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.