നിറപുഞ്ചിരിയോടെ അവൾ മടങ്ങി; ജീവിതത്തിലേക്ക്
text_fieldsകോലഞ്ചേരി: ജീവൻ തിരിച്ചു നൽകിയവരോട് നന്ദി ചൊല്ലി മൂന്നാം പിറന്നാൾ ദിനത്തിൽ പിഞ്ചു ബാലിക ആശുപത്രി വിട്ടു. തൃക്കാക്കരയിൽനിന്നും ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലികയാണ് രണ്ടാഴ്ചയോളമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്. മരണത്തോളമെത്തിയ തന്നെ ജീവിതത്തിലേക്ക് മടക്കിയവർക്ക് നിറപുഞ്ചിരിയും റ്റാറ്റയും നൽകിയാണ് അവൾ മടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 20 നാണ് ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലായ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടന്നങ്ങോട്ട് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും കൈമെയ് മറന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
സംഭവം വാർത്താ പ്രാധാന്യം നേടിയതോടെ സർക്കാർ ഇടപെടലുമുണ്ടായി. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുട്ടിക്ക് തിരുവനന്തപുരം എസ്.യു. ടി ആശുപത്രിയിൽ തുടർ ചികിത്സ നൽകും. പിതാവിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കുട്ടിയുടെ തുടർ ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റിയത്. കുട്ടിയുടെ ഇടതുകൈയിൽ പറ്റിയ ഒടിവുകൾ പൂർണമായും ഭേദമായിട്ടില്ല. നടക്കുമ്പോൾ കുഞ്ഞിന്റെ കാലുകൾക്ക് വേദന അനുഭവപ്പെടുന്നുണ്ട്.
പിതാവിനാണ്കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണ ചുമതല. നേരത്തേ ആശുപത്രിയിൽ വെച്ച് കുഞ്ഞിന്റെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമ്മയുടെ കൂടെ കഴിയുമ്പോഴായിരുന്നു കുഞ്ഞിന് പരിക്കേൽക്കുന്നത്. കുഞ്ഞിന്‍റെ മൂന്നാം പിറന്നാളായിരുന്നു ബുധനാഴ്ച. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ശേഷമാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.