ഷൈനിങ് ഹൈബി
text_fieldsകൊച്ചി: കോൺഗ്രസിന്റെ യുവനേതാക്കൾക്കിടയിൽ ഇപ്പോൾ തിളക്കം കൂടുതലുണ്ട് ഹൈബി ഈഡന്. എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ ഉടമ എന്ന സ്ഥാനമാണ് ആ തിളക്കം സമ്മാനിക്കുന്നത്. എതിർസ്ഥാനാർഥി നേടിയ മൊത്തം വോട്ടിനെക്കാൾ ഉയരത്തിലാണ് ഹൈബിയുടെ ഭൂരിപക്ഷം. പാർട്ടിയിലെ തലമുതിർന്ന നേതാക്കൾപോലും അമ്പരപ്പോടെയും അസൂയയോടെയും കാണുന്ന വിജയം.
കുറഞ്ഞ പ്രായത്തിൽതന്നെ എം.എൽ.എയായും എം.പിയായും തിളങ്ങി. തെരഞ്ഞെടുപ്പ് കാലമായാലും അല്ലെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമാണ്. കോൺഗ്രസ് നേതാവും മുൻ എം.പിയും എം.എൽ.എയുമായ ജോർജ് ഈഡന്റെയും റാണിയുടെയും മകൻ. 1983 ഏപ്രിൽ 19ന് എറണാകുളം കലൂരിലാണ് ജനനം. തേവര എസ്.എച്ച് കോളജിൽനിന്ന് ബി.കോം ബിരുദം നേടി. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളുടെ പ്രതിനിധിയായാണ് ആദ്യ വിജയം. പിന്നീട് എം.ജി സർവകലാശാല യൂനിയൻ കൗൺസിലർ, കോളജ് യൂനിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായി. അന്ന് എൽ.ഡി.എഫ് സർക്കാറിന്റെ വിദ്യാഭ്യാസ മേഖലയിലെ നയവൈകല്യങ്ങൾക്കെതിരായ ഒട്ടേറെ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകി. ഇക്കാലത്ത് എട്ടുദിവസം തിരുവനന്തപുരം ജില്ലാ ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലും ജയിൽവാസം അനുഭവിച്ചു. പിന്നീട് എൻ.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് എൽ.ഡി.എഫിന്റെ ഡോ. സെബാസ്റ്റ്യൻ പോളിനെ 32,437 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി. 2016ൽ എം. അനിൽകുമാറിനെ 21,949 വോട്ടിന് തോൽപിച്ച് വീണ്ടും നിയമസഭയിലെത്തി.
നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കൂടിയാണ്. 2019ൽ ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ച ഹൈബി സി.പി.എമ്മിലെ പി. രാജീവിനെ 1,69,510 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അന്നത്തെ റെക്കോഡ് ഭൂരിപക്ഷം സ്വയം തിരുത്തിക്കുറിച്ച ഇത്തവണത്തെ വിജയം ഹൈബിയുടെ വ്യക്തിത്വത്തിനും പ്രവർത്തന മികവിനുമുള്ള അംഗീകാരം കൂടിയാണ്. അന്ന ലിൻഡയാണ് ഭാര്യ. ഏകമകൾ: ക്ലാര.
യു.ഡി.എഫ് വിജയാഘോഷ കേന്ദ്രമായി കുസാറ്റ് കാമ്പസ്
കളമശ്ശേരി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റ് കാമ്പസ് യു.ഡി.എഫ് വിജയാഘോഷ കേന്ദ്രമായി മാറി. കുസാറ്റ് കാമ്പസിലെ മൂന്നിടങ്ങളിലും സമീപത്തെ സെന്റ് ജോസഫ് സ്കൂളിലുമായിരുന്നു വോട്ടെണ്ണൽ. രാവിലെ വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനകം ഹൈബി ഈഡന്റെ ഭൂരിപക്ഷം ഉയരാൻ തുടങ്ങിയതോടെ യു.ഡി.എഫ് പ്രവർത്തകർ കൊടികളുമായി പ്രധാന വേട്ടെണ്ണൽ കേന്ദ്രമായ സെമിനാർ ഹാൾ കോംപ്ലക്സിനു മുന്നിൽ തടിച്ചുകൂടാൻ തുടങ്ങി. അതോടെ പൊലീസ് പ്രവർത്തകരെ അവിടെ നിന്നും അകറ്റി നിർത്തി. 11 മണിയായപ്പോഴേക്കും മണ്ഡലത്തിന്റെ പല ഭാഗത്തുനിന്നും പ്രവർത്തകരുടെ ഒഴുക്കായി. ഒരു മണിയായപ്പോഴേക്കും ഭൂരിപക്ഷം 2,50,385 ലക്ഷത്തിൽ എത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ, എറണാകുളത്തുനിന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം, ഹൈബി ഭാര്യ അന്നക്കൊപ്പം കുസാറ്റിന്റെ പ്രധാന കവാടത്തിനുസമീപം വന്നിറങ്ങി.
അതോടെ, മണിക്കൂറോളം കാത്തുനിന്ന പ്രവർത്തകർ ആവേശത്തിലായി. എല്ലാവർക്കും കൈ കൊടുത്ത് ഹൈബി ഉടനെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നീങ്ങി. അരമണിക്കൂറിനകം വോട്ടെണ്ണൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിരികെ പ്രവർത്തകർക്കരികിലെത്തി. അതോടെ, ആവേശം അണപൊട്ടിയ പ്രവർത്തകർ ഹൈബിയെ ചുമലിലേറ്റി അനൗൺസ്മെന്റ് വാഹനത്തിലെ പാട്ടിനൊത്ത് നൃത്തം ചെയ്തു. തുടർന്ന് തുറന്ന ജീപ്പിൽ ഷിയാസിനും അഡ്വ. അബ്ദുൽ മുത്തലിബിനും കെ.പി. ധനപാലനുമൊപ്പം നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ജനങ്ങൾക്ക് നന്ദിയറിയിച്ച് കളമശ്ശേരി നഗരം ചുറ്റി.
തുടർന്ന് എച്ച്.എം.ടി റോഡിലൂടെ പോകവെ തോഷിബ ജങ്ഷനിൽ പ്രവർത്തകർക്ക് ഭക്ഷണമൊരുക്കിയ സെന്റ് ജോർജ് പാരിഷ് ഹാളിൽ നിർത്തി ഉച്ചഭക്ഷണം കഴിച്ചും പ്രവർത്തകർകൊപ്പം സെൽഫിയെടുത്തും യാത്ര തുടർന്നു. വൈകീട്ട് യു.ഡി.എഫ് പ്രവർത്തകർ കളമശ്ശേരിയിൽ ആഹ്ലാദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.