തൊണ്ടി വാഹനങ്ങൾ റോഡരികിലും; വീർപ്പുമുട്ടി പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ
text_fieldsകാക്കനാട്: കേസുകളിൽ അകപ്പെട്ട വാഹനങ്ങളാൽ പൊലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞുകവിഞ്ഞതോടെ പൊതുനിരത്തിലും നിർത്തുന്നത് ഗതാഗത തടസ്സത്തിനു കാരണമാകുന്നു. തൃക്കാക്കരയിലെ പൊലീസ് സ്റ്റേഷനുകളിൽ വ്യത്യസ്ത കേസുകളിലായി പിടികൂടി ഇനിയും ഉടമകൾക്ക് വിട്ടുനൽകാത്തത് 200ലധികം വാഹനങ്ങളാണ്.
ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ലോറികൾ എന്നിവ കൂട്ടത്തിലുണ്ട്. ഇവയെല്ലാം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. തൃക്കാക്കര നഗരസഭ ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡിന്റെ അരകിലോ മീറ്ററോളം ഭാഗമാണ് പൊലീസ് പിടികൂടുന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിർത്താൻ ഉപയോഗിക്കുന്നത്. തൃക്കാക്കര നഗരസഭ ഓഫിസിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന റോഡ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കടന്നുപോകുന്നത്.
വിവിധ കേസുകളില്‍പ്പെട്ട് വരുന്ന നാല് ചക്രവാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായതോടെയാണ് പൊലീസുകാര്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ വണ്ടിയിടാൻ തുടങ്ങിയത്. കാലങ്ങളായി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഈ വാഹനങ്ങള്‍ ഏത് കേസില്‍പെട്ട തൊണ്ടി മുതലാണെന്ന് കണ്ടെത്തുക പോലും പ്രയാസമാണ്. കാക്കനാട് ജങ്ഷൻ ഗതാഗതക്കുരുക്കിൽ വലയുമ്പോൾ വാഹന യാത്രികർ കൂടുതലായി ഉപയോഗിക്കുന്നത് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള ഈ വഴിയാണ്.
ദിനംപ്രതി കേസിൽ പെട്ട വാഹനങ്ങൾ കൂടുതലായി റോഡരികിൽ പാർക്ക് ചെയ്യുന്നതുമൂലം ഈ റോഡിലും വൻ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
കേസ് കാലാവധി പൂർത്തിയാക്കി തിരികെ ഉടമസ്ഥർക്ക് കിട്ടുമ്പോഴേക്കും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറക്കാൻ കഴിയാത്ത പരുവത്തിൽ ആയിട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.