അധികൃതരുടെ മൗനം മാലിന്യം തള്ളുന്നവർക്ക് മറ; മാലിന്യ വാഹിനിയായി മുളവൂര്‍ തോട്
text_fieldsമൂവാറ്റുപുഴ: നൂറുകണക്കിനാളുകളുടെ ആശ്രയമായ മുളവൂര്‍ തോട് മാലിന്യവാഹിനിയാകുന്നു. തോട്ടിലേക്ക് കഴിഞ്ഞ ദിവസവും മാലിന്യം ഇട്ടു. വിവാഹ വീടുകളിൽനിന്നുള്ള സദ്യ അവശിഷ്ടങ്ങളാണ് രാത്രിയുടെ മറവിൽ തട്ടിയത്. മാലിന്യങ്ങൾ ഒഴുകിയെത്തി മുളവൂർ വായനശാല പടിയിൽ തടഞ്ഞുകിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വാർഡ് മെംബർമാരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായ മുളവൂർ തോട് സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പെരിയാര്‍വാലി കനാലുകളില്‍ നിന്നുള്ള വെള്ളം തോട്ടിലേക്ക് ഒഴുകുന്നതിനാല്‍ കടുത്ത വേനലിലും തോട് ജലസമൃദ്ധമാണ്. പായിപ്ര, മാനാറി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളിലും പാറമടകളില്‍നിന്നും മെറ്റലും മണലും കഴുകുന്ന വെള്ളം തോട്ടിലേക്ക് തുറന്ന് വിട്ടതോടെ തോട് മലിനമാവുകയാണ്. ഇതോടെ തോട്ടിലെ വെള്ളത്തിന്റെ നിറം മാറി. കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു.
പായിപ്രയില്നിന്ന് ഉത്ഭവിക്കുന്ന കല്‍ചിറ വഴിയാണ് മലിനജലം തോട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. രാത്രികാലങ്ങളിലാണ് മലിനജലം ഒഴുക്കുന്നത്. തോട്ടിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ച് തുടങ്ങിയതോടെയാണ് നാട്ടുകാര്‍ മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയത്. ഇതിന് പുറമെ വടമുക്ക് പാലത്തില്‍നിന്ന് തോട്ടിലേയ്ക്ക് അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. രാത്രിയാകുന്നതോടെ വടമുക്ക് പാലം വിജനമാകുന്നതോടെയാണ് ദൂരെ ദിക്കുകളില്‍ നിന്നുപോലും വാഹനത്തില്‍ മാലിന്യം എത്തിച്ച് തള്ളുന്നത്.
പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.