സിൽവർ ലൈൻ; സമരം തീരുമ്പോൾ സി.പി.എം കേരളത്തിൽ ഇല്ലാതാവും –കെ. സുധാകരൻ
text_fieldsകൊച്ചി: സിൽവർ ലൈനിനെതിരെയുള്ള സമരം തീരുമ്പോൾ പശ്ചിമ ബംഗാളിലെ പോലെ സി.പി.എം കേരളത്തിൽ ഇല്ലാതാവുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. എറണാകുളം ടൗൺഹാളിൽ കോൺഗ്രസ് മധ്യമേഖല നേതൃയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ കേരളത്തിലെ മറ്റൊരു നന്ദിഗ്രാം ആവും. സമരമുഖത്ത് നിൽക്കുന്നത് ഏറെയും വീട്ടമ്മമാരും സ്ത്രീകളുമാണ്. ചാനലുകളിൽ നിഷ്കളങ്കരായി സ്ത്രീകൾ വിളിച്ചുപറയുന്നത് ഇതുവരെ കമ്യൂണിസ്റ്റുകാരായിരുന്നുവെന്നാണ്; ഇനി കൊള്ളക്കാർക്കൊപ്പം നിൽക്കില്ലെന്നാണ്. ഈ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ജനങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 50 ലക്ഷം അംഗത്വം ലക്ഷ്യം –താരിഖ് അൻവർ
കൊച്ചി: സംസ്ഥാനത്ത് കോൺഗ്രസിൽ 50 ലക്ഷം പേരെ അംഗത്വമെടുപ്പിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രസ് മധ്യമേഖല നേതൃയോഗത്തിൽ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വികാരം കോൺഗ്രസിന് അനുകൂലമാക്കണം. മെംബർഷിപ് അതിൽ പ്രധാനമാണ്. കോൺഗ്രസ് പ്രവർത്തകർ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് ഇറങ്ങി അംഗത്വം എടുപ്പിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന് അംഗത്വം ആവശ്യമാണ്. അതിനാൽ പരമാവധി പേരെ പാർട്ടിയിൽ അംഗമാക്കണമെന്നും താരിഖ് അൻവർ പറഞ്ഞു.
നിയുക്ത രാജ്യസഭ എം.പി ജെബി മേത്തർ, എം.എൽ.എ മാരായ കെ.ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐവാൻ ഡിസൂസ, ശ്രീനിവാസ് കൃഷ്ണൻ, വിശ്വനാഥ് പെരുമാൾ, വി.ടി. ബൽറാം, വി.ജെ. പൗലോസ്, ബി.എ. അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിൻ, കെ. ജയന്ത്, എസ്. അശോകൻ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ്, ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.