അപ്രതീക്ഷിത അതിഥികൾ; ആദ്യം പിടികൂടി, പിന്നീട് തുറന്നുവിട്ടു
text_fieldsകാക്കനാട്: തൃക്കാക്കരയിലും പരിസരത്തുമായി രണ്ട് അതിഥികൾ കഴിഞ്ഞ ദിവസം എത്തി. ഒരാൾ ചിരപരിചിതനാണെങ്കിലും അപൂർവമായി മാത്രം കാണുന്ന ആൾ. നാട്ടുകാർ തടഞ്ഞുവെച്ച ഇരുവരെയും ഒടുവിൽ വനപാലകരെത്തിയാണ് സ്വതന്ത്രരാക്കിയത്.
കാക്കനാട് നിന്ന് ലഭിച്ച വെള്ളിമൂങ്ങയും മുണ്ടംപാലത്തിൽനിന്ന് പിടികൂടിയ മലമ്പാമ്പും ആയിരുന്നു കഥയിലെ നായകർ. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് രണ്ടിനെയും പിടികൂടിയതെങ്കിലും ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ കോടനാട് നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇവയെ കൊണ്ടുപോയത്.
തിങ്കളാഴ്ച രാവിലെ കാക്കനാട്ടെ ജില്ല കലക്ടറേറ്റിന് സമീപത്തുള്ള വഴിയോര കച്ചവട കേന്ദ്രങ്ങൾക്ക് സമീപത്തുനിന്ന് അന്തർസംസ്ഥാന തൊഴിലാളികളാണ് പറക്കാൻ കഴിയാത്ത വിധത്തിലായിരുന്ന വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഇവർ അറിയിച്ചതിനെത്തുടർന്ന് കച്ചവടക്കാരും നാട്ടുകാരും സ്ഥലത്തെത്തുകയും ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്ന സാഹചര്യമായിരുന്നു പിന്നീടുണ്ടായത്.
ബഹളം കൂടിയപ്പോൾ പേടിച്ച് റോഡിലേക്ക് ചാടി പോകാൻ ശ്രമിച്ച വെള്ളിമൂങ്ങയെ സമീപത്തെ ഹോട്ടൽ ഉടമ പിടികൂടി അടുത്തുണ്ടായിരുന്ന വലിയ കോൺക്രീറ്റ് പൈപ്പിലേക്ക് കയറ്റി സുരക്ഷിതമാക്കുകയും കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി 8.45 മണിക്കാണ് തൃക്കാക്കരക്ക് സമീപം മുണ്ടൻപാലത്തെ മാർബിൾ കടയിൽനിന്ന് മലമ്പാമ്പിനെ കണ്ടെത്തിയത്. വനപാലകരെ വിവരമറിയിച്ചെങ്കിലും സുരക്ഷിതമായി പാമ്പിനെ പിടികൂടി തിങ്കളാഴ്ച ഉച്ചവരെ സൂക്ഷിക്കാനായിരുന്നു നിർദേശം. പിന്നീട് തൊഴിലാളികൾ ചേർന്ന് പാമ്പിനെ പിടികൂടി ഒരു ഡ്രമ്മിൽ അടക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജെ.ബി. സാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അൻവർ സാദിഖ്, ഡ്രൈവർ പി.വി. സോമൻ എന്നിവരടങ്ങിയ സംഘമാണ് വെള്ളിമൂങ്ങയെയും മലമ്പാമ്പിനെയും ഏറ്റുവാങ്ങിയത്. പിന്നീട് ഇവയെ കാട്ടിൽ സുരക്ഷിതമായി തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.