ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ആറു വയസ്സ്
text_fieldsമട്ടാഞ്ചേരി: 11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി- വൈപ്പിൻ ബോട്ട് ദുരന്തത്തിന് വ്യാഴാഴ്ച ആറ് വയസ്സ് . 2015ലെ ഒാണക്കാലത്താണ് വൈപ്പിനിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വന്ന കൊച്ചി നഗരസഭയുടെ അധീനതയിലുള്ള എം.ബി ഭാരത് എന്ന യാത്രാ ബോട്ട് അപകടത്തിൽപ്പെട്ടത്. സമീപത്തെ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ടൂറിസ്റ്റ് ജെട്ടിയിൽ കെട്ടിയ മത്സ്യബന്ധന വള്ളം അമിത വേഗത്തിൽ അലക്ഷ്യമായി എത്തി യാത്ര ബോട്ടിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ബോട്ട് കൊച്ചി അഴിമുഖത്ത് മുങ്ങി.ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമീഷനെ നിയോഗിച്ചിരുന്നു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായമായി പതിനായിരം രൂപയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേർക്ക് രണ്ട് ലക്ഷം രൂപ വീതവും നഗരസഭ നൽകി. എന്നാൽ ആശ്രിതർക്ക് ജോലി നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് വെസ്റ്റ് മാന്ത്ര റസിഡൻസ് ഡെവലപ്മെൻറ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഇത് സംബന്ധിച്ച് അന്വേഷിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
കൊച്ചി തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ ആശ്രിതർക്ക് ജോലി നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നതായും നൽകിയിട്ടില്ലെന്നും കാണിച്ചുള്ള റിപ്പോർട്ട് സംബന്ധിച്ച കത്ത് അസോസിയേഷന് നൽകി. ഇതിനിടയിലാണ് ദുരന്തത്തിെൻറ ആറാം വാർഷികം കടന്ന് വരുന്നത്.
സർക്കാർ വാഗ്ദാനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർ. ദുരന്തത്തിൽ മരണപ്പെട്ടവരെ സ്മരിക്കുന്നതിന് വെസ്റ്റ് മാന്ത്ര റസിഡൻറ്സ് അസോസിയേഷനും കൊച്ചിൻ വികസന വേദിയും ഫോർട്ട്കൊച്ചി കമാലക്കടവിൽ നാളെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.