വരുമോ തൃക്കാക്കരയിൽ ആകാശ നടപ്പാത?
text_fieldsകാക്കനാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആകാശനടപ്പാത പദ്ധതിയുമായി തൃക്കാക്കര ഡെവലപ്മെൻറ് ഫോറം. നിർമാണം 2026ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാക്കനാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്, തൃക്കാക്കര സഹകരണ ആശുപത്രി, ജില്ല പഞ്ചായത്ത്, കലക്ടറേറ്റ്സിഗ്നൽ ജങ്ഷൻ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ആകാശനടപ്പാതയുടെ രൂപരേഖ തയാറാക്കിയിട്ടുള്ളതെന്ന് തൃക്കാക്കര ഡെവലപ്മെന്റ് ഫോറം (ടി.ഡി.എഫ്) ജനറൽ കൺവീനർ എം.എസ്. അനിൽകുമാർ പറഞ്ഞു.
മെട്രോ റെയിൽ നിർമാണം തുടങ്ങുമ്പോൾ ഉണ്ടാകാവുന്ന ഗതാക്കുരുക്ക് പരിഹരിക്കാനുള്ള നിർദേശങ്ങൾ സ്വരൂപിക്കാൻ ചേർന്ന സെമിനാറിലാണ് എലിവേറ്റഡ് വാക് വേ പദ്ധതിയുടെ ദൃശ്യവിശദീകരണം ഇൻസ്പിരേഷൻ ആർക്കിടെക്ചേഴ്സ് ഫൗണ്ടർ ഗോപാൽ ജി. റാവു വിശദീകരിച്ചത്.
എസ്കലേറ്ററും, മൂവിങ്ങ് വാക് വേയും ഉൾപ്പെടുന്ന എലിവേറ്റഡ് വാക്ക് വേയുടെ ഭാഗമായി മിനി ഫാഷൻ സ്റ്റോറുകൾ, കഫ്ത്തീരിയകൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
കാക്കനാട് ബസ്സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന ആകാശനടപ്പാതയിലേക്ക് സഹകരണ ആശുപത്രി, ജില്ല പഞ്ചായത്ത് ജംഗ്ഷൻ, കലക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾക്ക് കയറാവുന്ന രീതിയിലാണ് രൂപകല്പന. സെമിനാറിനോട് അനുബന്ധിച്ച് ചേർന്ന യോഗത്തിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബഹ്റ മുഖ്യപ്രഭാഷണം നടത്തി.
തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർമാരായ ഷാന അബ്ദു, എ.എ ഇബ്രാഹിംകുട്ടി, സീനിയർ ടൗൺ പ്ലാനർ വി.എം ഷീബ, ടൗൺ പ്ലാനർ സുഭാഷ്. എസ്, അസി. കമ്മീഷണർ കെ.പി ബേബി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രതിനിധികളായ എ.സി.കെ നായർ, പോൾ മേച്ചേരി, സലിം കുന്നുംപുറം, തൃക്കാക്കര ഡവലപ്മെൻറ് ഫോറം അംഗങ്ങളായ ഡോ. എം.സി. ദിലീപ് കുമാർ, ജെയിംസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.