അപകടഭീതിയായി ഓടകൾക്ക് മുകളിലെ സ്ലാബ്; അധികൃതർക്ക് നിസ്സംഗത
text_fieldsകൊച്ചി: അപകടഭീതിയുയർത്തി നഗരത്തിലെ കോൺക്രീറ്റ് സ്ലാബുകൾ; അനക്കമില്ലാതെ അധികൃതർ. എറണാകുളം നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായി ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകളാണ് അപകടഭീതിയുയർത്തുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ പൊളിക്കുന്നവ തിരികെ യഥാവിധി സ്ഥാപിക്കാത്തതും കാലപ്പഴക്കംമൂലം നശിച്ചവ മാറ്റാത്തതുമാണ് അപകടങ്ങൾക്ക് കാരണം. നഗരത്തിലെ എം.ജി റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, സി.പി. ഉമ്മർ റോഡ്, വൈറ്റില, ആലുവ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽനിന്നും ഇത്തരത്തിലുള്ള പരാതികൾ വ്യാപകമാണ്.
പാലാരിവട്ടത്ത് വീട്ടമ്മയുടെ കാൽ സ്ലാബിനിടയിൽ കുരുങ്ങി; രക്ഷകരായി നാട്ടുകാർ
പാലാരിവട്ടത്ത് കാൽനടക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുരുങ്ങിയതാണ് ഏറ്റവും പുതിയ സംഭവം. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പ്രദേശത്തെ സ്ഥാപനത്തിലെ ജീവനക്കാരിയായ ലൈബയുടെ (45) കാലാണ് നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബിൽ കുടുങ്ങിയത്. നാട്ടുകാർ ഏറെ നേരം പരിശ്രമിച്ച് സ്ലാബുൾ അകത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാര്യമായ പരിക്കില്ല. പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ കോർപറേഷൻ അധികൃതർ സ്ഥലത്ത് മുൻകരുതൽ നടപടി സ്വീകരിച്ചു. നഗരത്തിൽ മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധം ശക്തമാകുമ്പോൾ താൽക്കാലിക നടപടികൾ സ്വീകരിക്കുന്ന അധികൃതർ പതിയെ രംഗം കാലിയാക്കും.
വില്ലനായി മെട്രോ നിർമാണവും അറ്റകുറ്റപ്പണിയും
നഗരത്തിൽ ഓടകൾ അപകടക്കണിയാകുന്നതിൽ പ്രധാന വില്ലൻ മെട്രോ നിർമാണവും അറ്റകുറ്റപ്പണിയുമാണ്. മെട്രോ നിർമാണത്തിന്റെ പേരിലും ശുചീകരണ പ്രവർത്തനങ്ങളുടെ പേരിലും പൊളിച്ചുനീക്കുന്ന സ്ലാബുകൾ പിന്നീട് യഥാസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്.
മഴപെയ്താൽ വെള്ളക്കെട്ടാകുന്ന നഗര റോഡുകളിൽ പലരും ജീവഭയത്തോടെയാണ് സഞ്ചരിക്കുന്നത്. വെള്ളക്കെട്ടിലൂടെ ഇരുചക്രവാഹനത്തിലും കാൽനടയായും എത്തുന്നവർ ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാറില്ല. നഗരറോഡുകളിൽ മുൻപരിചയമുള്ളവർ കുഴികൾ ഇല്ലെന്ന് ഉറപ്പാക്കിയാണ് കാനകൾക്ക് മുകളിലുടെ നടക്കുന്നത്. ഇതോടൊപ്പം കാലപ്പഴക്കത്താൽ തകരുന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തുനിയാറുമില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് തദ്ദേശ വകുപ്പുകൾ പരസ്പരം പഴിചാരലും പതിവാണ്.
മൂവാറ്റുപുഴയിലും അപകട ഭീതിയുയർത്തി സ്ലാബ്
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ കീച്ചേരിപ്പടി ജങ്ഷന് സമീപം സ്ലാബ് തകർന്നിട്ട് നാളുകൾ കഴിഞ്ഞു. നുറുകണക്കിന് കാൽനടക്കാർ സഞ്ചരിക്കുന്ന ഫുട്പാത്തിലെ സ്ലാബാണ് തകർന്നത്. കാൽനടക്കാർ ഓടയിൽ വീണ് അപകടം പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതോടെ നാട്ടുകാർ സ്ലാബ് തകർന്ന ഭാഗം മൂടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.