പുരപ്പുറങ്ങളിൽ സൗരോർജ തിളക്കം
text_fieldsകൊച്ചി: വീടുകളിലേക്കുള്ള വൈദ്യുതി ആവശ്യത്തിന് ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ജില്ലയിലും പുരപ്പുറ സോളാർ പദ്ധതിക്ക് വൻമുന്നേറ്റം. 7647 ഗാർഹിക സൗരോർജ കണക്ഷനുകളാണ് ജില്ലയിൽ പി.എം. സൂര്യഘർ പദ്ധതി പ്രകാരം സ്ഥാപിച്ചിരിക്കുന്നത്.
ഓരോ ദിവസവും കൂടുതൽ വീടുകളിൽ പദ്ധതി സ്ഥാപിക്കുന്നുണ്ട്. ഇതുപ്രകാരമുള്ള പുതിയ കണക്കുകൾകൂടി ചേർക്കുമ്പോൾ എണ്ണം ഇനിയുമേറെ വർധിക്കും.
കേന്ദ്ര സർക്കാറിന്റെ സബ്സിഡിയോടുകൂടിയ പി.എം. സൂര്യഘർ പദ്ധതിയിൽ സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ച് മുന്നേറുകയാണ്. കേന്ദ്രസർക്കാറും റിന്യൂവൽ എനർജി കോർപറേഷനും കൂടി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും പുതിയ പട്ടികപ്രകാരം കേരളം രണ്ടാം സ്ഥാനത്താണ്. സൗരോർജ പ്ലാൻറ് നിർമിക്കാൻ അനുയോജ്യം നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ്.
ചരിഞ്ഞ പ്രതലങ്ങളുള്ള പുരപ്പുറങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റാൻഡുകൾക്കും ഫാബ്രിക്കേഷൻ ജോലികൾക്കും അധിക ചെലവ് വേണ്ടി വരും. തെക്കൻ ചായ്വിൽ നിന്നുള്ള വെയിൽ ലഭിക്കുന്നതിന് 10 ഡിഗ്രി തെക്കോട്ട് ചായ്ച്ചാണ് സോളാർ പ്ലാൻറ് സ്ഥാപിക്കുന്നത്.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിൽക്കാം
മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂനിറ്റ് പ്രതിമാസം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാം. ഗാർഹിക സൗരോർജ പ്ലാൻറുകൾ മുഖേന കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ഗുണഭോക്താക്കൾ നൽകുന്ന വൈദ്യുതിക്ക് യൂനിറ്റിന് വകയിരുത്തുന്ന തുക സമയബന്ധിതമായി സർക്കാർ നൽകും. സംസ്ഥാന റെഗുലേറ്ററി കമീഷൻ പുറപ്പെടുവിച്ച റിന്യൂവൽ എനർജി ആൻഡ് നെറ്റ് മീറ്ററിങ് റെഗുലേഷന് വിധേയമായാണ് ഗാർഹിക സൗരോർജ ഉപഭോക്താക്കൾ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുക നിശ്ചയിക്കുന്നത്. ഈ തുക മടക്കി നൽകുന്നതും സംസ്ഥാന റെഗുലേറ്ററി കമീഷന്റെ റെഗുലേഷന് വിധേയമായിട്ടാണ്.
885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി എംപാനൽ ചെയ്തിട്ടുണ്ട്. സോളാർ ഇൻസ്റ്റാൾ ചെയ്യാനുള്ള പരിമിതിയായ ട്രാൻസ്ഫോർമറുകളുടെ കപ്പാസിറ്റി 75 ശതമാനത്തിൽനിന്ന് 90 ശതമാനമായി കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമീഷനും ഉയർത്തിയത് കൂടുതൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകും. ഏഴുശതമാനം പലിശ നിരക്കിൽ നാഷനൽ ബാങ്കുകളുടെ ഈടില്ലാത്ത ലോൺ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നുണ്ട്.
കൊച്ചിയുടെ അഭിമാനം
സൗരോർജ മേഖലയിൽ അഭിമാനകരമായ നേട്ടം മുമ്പേ കൈവരിച്ച ജില്ലയാണ് എറണാകുളം. പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് അതിന് പ്രധാന കാരണം.
പ്ലാൻറ് കമീഷൻ ചെയ്തതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി സിയാൽ മാറിയിരുന്നു. കൂടാതെ, കൊച്ചി മെട്രോയുടെ ട്രെയിൻ റണ്ണിങ്, സ്റ്റേഷനുകളിലെ ലൈറ്റുകൾ, ഡിപോ ജോലികളും മെയിന്റനൻസും ഓപറേഷൻസ് കൺട്രോൾ സെന്ററിലെ ആവശ്യങ്ങൾ, കോർപറേറ്റ് ഓഫിസ് എന്നിവിടങ്ങെളല്ലാം സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം ആകെ ആവശ്യമായ വൈദ്യുതിയുടെ 51 ശതമാനം സോളാർ മുഖാന്തരമാണ്.
കൊച്ചിയില്‍ പുരപ്പുറ സൗരോര്‍ജ സംവിധാനം സ്ഥാപിച്ചത് 6.33 ശതമാനം പേര്
കൊച്ചി: കൊച്ചി നിവാസികളില്‍ 6.33 ശതമാനം പേര് പുരപ്പുറ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി ലൂമിനസ് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം 41 ശതമാനം പേര്‍ക്കും ഇതേക്കുറിച്ചുള്ള അറിവ് പരിമിതമാണെന്നും സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സൗരോര്‍ജ സംവിധാനങ്ങളെക്കുറിച്ച് ലൂമിനസ് പവര്‍ ടെക്നോളജീസ് നടത്തിയ സര്‍വേയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സൗരോര്‍ജ സംവിധാനങ്ങള്‍ ഏറെ ജനകീയവും താങ്ങാനാവുന്നതുമാണെന്നാണ് കൊച്ചിയില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്ത 53.67 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പുരപ്പുറ സൗരോര്‍ജ സംവിധാനങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് കൊച്ചിയിലുള്ളതെന്നും 78.67 ശതമാനം പേര് കരുതുന്നു.
സൗരോർജ പ്ലാൻറിന് കേന്ദ്ര സബ്സിഡി ഇങ്ങനെ...
ഒരു കിലോവാട്ട് - 30,000 രൂപ
രണ്ട് കിലോവാട്ട് - 60,000 രൂപ
മൂന്നു കിലോവാട്ടിന് മുകളിൽ -78,000 രൂപയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.