ലിങ്ക് ചെയ്യാമോ; സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികളെ?
text_fieldsകൊച്ചി: ‘എത്രയെത്ര അപകടങ്ങളാണ് ഈ കുഴിയിൽ വണ്ടികൾ വീണുണ്ടായതെന്നറിയാമോ? എത്രവട്ടം ചോര വീണിട്ടുണ്ടെന്നോ ഇവിടെ. ഒരുപാട് കാലമായി ഈ കോലത്തിൽ കിടക്കാൻ തുടങ്ങിയിട്ട്. നാട്ടുകാര് കുറെ കാലമായി ഇതൊന്നു ശരിയാക്കിത്തരാൻ പറയുന്നു. ആരും തിരിഞ്ഞുനോക്കുന്നില്ല’’ -സ്റ്റേഡിയം ലിങ്ക് റോഡും പൈപ്പ് ലൈൻ റോഡും തമ്മിൽ ചേരുന്നിടത്തെ റോഡിലെ വൻ കുഴികളെ ചൂണ്ടിക്കാട്ടി തൊട്ടരികിലെ ലോട്ടറി വിൽപനക്കാരി പ്രിയ ഇതുപറയുമ്പോൾ അവരുടെ വാക്കുകളിൽ നിരാശയുണ്ടായിരുന്നു. കലൂർ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണെങ്കിലും സ്റ്റേഡിയം ലിങ്ക് റോഡ് നിലവാരത്തിൽ വളരെ താഴെയാണ്. രണ്ടു കിലോമീറ്ററിലേറെ നീളമുള്ള റോഡിൽ രണ്ടു വശങ്ങളിലുമായി എത്ര കുഴികളുണ്ടെന്ന് ആർക്കും കണക്കില്ല. ലിങ്ക് റോഡും പൈപ് ലൈൻ റോഡും തമ്മിൽ ചേരുന്നിടത്തുള്ള കുഴികളാണ് ഏറ്റവും ഭീകരം. കുഴി മാത്രമല്ല, ഇവിടെ റോഡും ഏറക്കുറെ തകർന്നുകിടക്കുകയാണ്. ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ വാഹനാപകടങ്ങൾ പതിവുകാഴ്ചയാണ്. കാറിനും മറ്റും സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതാണ് അപകടത്തിനു പ്രധാന കാരണം.
മഴ പെയ്ത് കുഴിയിലും റോഡിലും വെള്ളം നിറഞ്ഞാലുള്ള കാര്യം പിന്നെ പറയേണ്ട. എത്ര പരിചയമുള്ള ഡ്രൈവർമാരാണെങ്കിലും ഇവിടെയെത്തുമ്പോൾ ഒന്നു പതറും. തമ്മനം-പുല്ലേപ്പടി റോഡിൽനിന്ന് സ്റ്റേഡിയം ഭാഗത്തേക്കുള്ള റോഡിലൂടെ പോയി, പൈപ്പ് ലൈൻ റോഡിലേക്ക് തിരിയുന്ന പോയന്റിൽ തന്നെയുണ്ട് വലിയൊരു കുഴി. ഇതുകൂടാതെ കലൂർ ഐ.എം.എ ഹൗസിനു മുന്നിലുൾപ്പെടെ ഒറ്റയും തെറ്റയുമായി റോഡിൽ വേറെയും കുഴികളുണ്ട്.
കൊച്ചി നഗരത്തിലെ തിരക്കൊഴിവാക്കാൻ നൂറുകണക്കിന് വാഹനങ്ങൾ തിരിഞ്ഞുപോകുന്ന റൂട്ടാണിത്. എം.ജി റോഡിലേക്കും കടവന്ത്രയിലേക്കും സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാം വലിയ ഗതാഗതക്കുരുക്കില്ലാതെ എത്താനാകുമെന്നതാണ് ഈ റോഡിലൂടെ പോകുന്നതിന്റെ പ്രധാന കാരണം. ജനപ്രതിനിധികളും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ന്യായാധിപരുമുൾപ്പെടെ ഈ റോഡിലൂടെ സ്ഥിരം കടന്നുപോയിട്ടും ആരും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ മുന്നോട്ടുവരുന്നില്ലെന്ന് റോഡരികിലെ കച്ചവടക്കാരും മറ്റും പറയുന്നു.
‘അറ്റകുറ്റപ്പണി ഉടൻ’
ലിങ്ക് റോഡിന്റെ സ്ഥിതി ദയനീയമാണെന്നും അറ്റകുറ്റപ്പണി ഉടൻ തുടങ്ങുമെന്നും കാരണക്കോടം ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ട് പറഞ്ഞു. ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. അടുത്തയാഴ്ച പ്രവൃത്തി തുടങ്ങുമെന്നാണ് അറിഞ്ഞത്. തൽക്കാലം റീടാറിങ് ഉണ്ടാവില്ലെന്നും കുഴികൾ കോൺക്രീറ്റ് മിശ്രിതമുപയോഗിച്ച് അടക്കുകയാണെന്നും കൗൺസിലർ ‘മാധ്യമ’ത്തോട് പറഞ്ഞു. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കോർപറേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾ സ്വീകരിച്ചത്.
വരുന്നു, പുതിയ യു ടേൺ പരീക്ഷണം
സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്തെ ഗതാഗത കുരുക്കൊഴിവാക്കാൻ പുതിയ പരീക്ഷണവുമായി അധികൃതർ. എറണാകുളം ഭാഗത്തുനിന്ന് തമ്മനത്തേക്കു പോകുന്ന വണ്ടികൾ ഈ ജങ്ഷനിൽനിന്ന് നേരിട്ടു പോകാതെ യു ടേണെടുത്ത് പോകുന്ന രീതിയിലാണ് ക്രമീകരണം വരുന്നത്. സമാനരീതിയിൽ തമ്മനം ഭാഗത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്കു പോകുന്നവരും കുറച്ചു മുന്നോട്ടുവന്ന് യു ടേണെടുത്ത് പോകേണ്ടിവരും. ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക ജോലികൾ പുരോഗമിക്കുകയാണ്. ഈ റോഡരികിലെ തടസ്സമായി നിന്ന രണ്ടു വൈദ്യുതി പോസ്റ്റുകളുൾപ്പെടെ നീക്കം ചെയ്തു. അടുത്തയാഴ്ച മുതൽ യു ടേൺ പരിഷ്കാരവും നടപ്പാക്കിയേക്കുമെന്ന് കൗൺസിലർ പറഞ്ഞു. ട്രാഫിക് ഈസ്റ്റ് സബ് ഡിവിഷൻ തയാറാക്കിയ റൂട്ട് മാപ്പ് പ്രകാരം തമ്മനം ഭാഗത്തേക്കു പോകുന്നവർ 130 മീറ്റർ വീതവും സ്റ്റേഡിയം ഭാഗത്തേക്കുള്ളവർ 65 മീറ്റർ വീതവും യു ടേണിനായി മുന്നോട്ടുപോകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.