പരിപാടികൾ റദ്ദാകുന്നു; കാലിടറി സ്റ്റേജ് കലാകാരന്മാർ
text_fieldsകൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സ്റ്റേജ് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുന്നു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയതായി സർക്കാർ അറിയിച്ചതിന് പിന്നാലെ പുറമെനിന്ന് മുൻകൂട്ടി പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാകുന്നതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. സർക്കാർ നടത്തുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കാൻ തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം ക്ലബുകളും സംഘടനകളും അവരുടെ ആഘോഷങ്ങളും ഉപേക്ഷിക്കുകയാണ്. ഓണത്തിനായി ബുക്ക് ചെയ്ത 80 ശതമാനം പരിപാടികളും റദ്ദായതായി കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് മുപ്പതിനായിരത്തോളം സ്റ്റേജ് കലാകാരന്മാരും അത്രതന്നെ അനുബന്ധ കലാകാരന്മാരും ഉണ്ട്. ഓണക്കാലത്ത് സർക്കാരിന്റെ ആഘോഷ പരിപാടികളടക്കം പ്രതീക്ഷയോടെയാണ് ഇവർ നോക്കിക്കാണുന്നത്. ഓണം മുന്നിൽക്കണ്ട് മാസങ്ങൾക്ക് മുമ്പേ റിഹേഴ്സലും മറ്റുമായി ഇവർ സജീവമായിരുന്നു. എന്നാൽ, ക്ലബുകളടക്കം ആഘോഷങ്ങൾ ഒഴിവാക്കിയത് തിരിച്ചടിയായെന്ന് ആർട്ടിസ്റ്റ് ഏജന്റ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വയക്കൽ മധു പറഞ്ഞു.
രാത്രി 10 കഴിഞ്ഞാൽ മൈക്ക് പരിപാടികൾക്ക് അനുമതി ലഭിക്കാത്തതും സ്റ്റേജ് പരിപാടികൾക്ക് തിരിച്ചടിയാകുകയാണ്. ആരാധനാലയങ്ങളുടെ കോമ്പൗണ്ടുകൾ ഓഡിറ്റോറിയമാക്കി മാറ്റിയാൽ ഈ പ്രതിസന്ധിയിൽനിന്ന് ഒഴിവാകാൻ കഴിയുമെന്ന് കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയമടക്കം ചൂണ്ടിക്കാട്ടി ഓണത്തിനുശേഷം സമരത്തിന് ഒരുങ്ങുകയാണ് സ്റ്റേജ് കലാകാരന്മാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾ. സ്റ്റേജ് പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഒരു തൊഴിൽമേഖലയായി പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.