മാലിന്യമൊഴുക്കിയ അരിമില്ലിന് സ്റ്റോപ് മെമ്മോ
text_fieldsപെരുമ്പാവൂര്‍: അശമന്നൂര്‍ തലപ്പുഞ്ചയിലെ പൊതുതോട്ടിലും സ്വകാര്യ പാടശേഖരങ്ങളിലും മലിനജലം ഒഴുക്കിവിട്ട സ്വകാര്യ അരിമില്ലിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്കി. അരിക്കമ്പനിയില്നിന്ന് രാപ്പകല്‍ ഭേദമെന്യേ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം തുറന്നു വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, കലക്ടര്‍, പൊലീസ് സൂപ്രണ്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത്, ആരോഗ്യ കൃഷിവകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു.
മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ലെന്നും പൊതുതോട്, പാടശേഖരം, സ്വകാര്യ പുരയിടം എന്നിവയിലേക്ക് മലിനജലം തുറന്നുവിട്ടതായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
പഞ്ചായത്തില്‍ കഴിഞ്ഞ 20ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.
പ്രദേശവാസികളായ 32പേര് പരാതികള്‍ ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അന്ന് രാത്രിയിലും അരിക്കമ്പനിയില്നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളിലേക്ക് തുറന്നുവിട്ടതായി പറയുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പ്രദേശവാസികള്‍ നല്കിയ പരാതിയിലാണ് നടപടിയുണ്ടായത്.
പ്രവര്‍ത്തനക്ഷമമല്ലാത്ത ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം അനുമതിയിലേറെ ആഴത്തില്‍ കുഴിച്ചിരിക്കുന്ന കുഴല്‍ക്കിണറില്‍ മാലിന്യം തള്ളുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വഴിയാക്കി മാറ്റി. കെട്ടിട നിര്‍മാണ ചട്ടലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യമുണ്ട്.
തലപ്പുഞ്ചയില്നിന്ന്പ്രവഹിക്കുന്ന നീര്‍ച്ചാലില്‍ അരിക്കമ്പനിയില് നിന്നുള്ള രാസ വിഷം കലര്‍ന്ന മലിനജലം ഒഴുകിയാല്‍ നൂറുകണക്കിന് കിണറുകളെയും വായ്ക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.