ഇടക്കൊച്ചിയിൽ ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsപള്ളുരുത്തി: ഇടക്കൊച്ചിയിൽ ആറു പേർക്ക് തെരുവുനായുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് വഴിയാത്രികർക്കുനേരെ ആക്രമണം ഉണ്ടായത്. ഒരുനായ് തന്നെയാണ് ആറുപേരെയും കടിച്ചത്.
ഇടക്കൊച്ചി സ്വദേശിയും നഗരസഭ ശുചീകരണ തൊഴിലാളിയുമായ ചെറുപറമ്പത്ത് വീട്ടിൽ ടോമി, പ്ലസ് വൺ വിദ്യാർഥി കളരിക്കൽ പറമ്പിൽ ആദിത്യൻ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.
ഇരുവർക്കും സാരമായി പരിക്കുണ്ട്. പരിക്കേറ്റ മറ്റുള്ളവരെക്കുറിച്ച് വിവരമില്ല.
ഇടക്കൊച്ചി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ താഴെ പതുങ്ങിയിരുന്നായിരുന്നു നായുടെ ആക്രമണം.
നിരവധി പേർക്കുനേരെ നായ് കടിക്കാൻ ഓടിയടുത്തു. പലരും തലനാരിഴക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ ഉടൻ ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ നഗരസഭ ഡോഗ് സ്ക്വാഡിനെ വിളിച്ചു വരുത്തി നായെ പിടികൂടുകയായിരുന്നു. സ്ക്വാഡ് അംഗങ്ങളായ സുനീഷ്, വർഗീസ് എന്നിവർ ചേർന്നാണ് സാഹസികമായി പിടികൂടിയത്.
നായെ ബ്രഹ്മപുരത്ത് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.