തെരുവ് നായ് ശല്യം: 12 ദിവസം; നായ് ആക്രമിച്ചത് അഞ്ഞൂറിലധികം പേരെ
text_fieldsകൊച്ചി: വ്യാപാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നുവേണ്ട മുക്കിലും മൂലയിലും വിഹരിക്കുകയാണ് തെരുവ് നായ്ക്കൾ. പുതുവർഷം പിറന്ന് 12 ദിവസം മാത്രം പിന്നിടുമ്പോൾ ജില്ലയിൽ 515 പേരാണ് നായുടെ കടിയേറ്റ് ചികിത്സ തേടിയതെന്നാണ് ആരോഗ്യ വകുപ്പ് കണക്ക്. നഗരത്തിൽ ഇരുചക്ര വാഹന യാത്രക്കാരുടെ പിന്നാലെ കുരച്ചുകൊണ്ട് ഓടുന്ന സംഭവങ്ങൾ നിരവധിയാണ്. സ്കൂൾ പരിസരങ്ങളിൽ കൂട്ടംകൂടുന്ന നായ്ക്കൾ കുട്ടികൾക്കും ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ മാസം ഞാറക്കൽ പഞ്ചായത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ നായ് ആക്രമണത്തിന് ഇരയായിരുന്നു.
പലയിടങ്ങളിലും വളർത്തുമൃഗങ്ങൾക്കും തെരുവ് നായ്ക്കളുടെ ആക്രമണം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ട്. നഗരത്തിൽ കലൂർ, മേനക, എറണാകുളം മാർക്കറ്റ്, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലൊക്കെ തെരുവുനായ് ശല്യം രൂക്ഷമാണ്. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സ തേടിവന്ന മാതാവിനെയും കുഞ്ഞിനെയും തെരുവുനായ് ആക്രമിച്ചിരുന്നു. ഒ.പി വിഭാഗത്തിൽ രക്തപരിശോധനക്കെത്തിയപ്പോഴായിരുന്നു നാലുവയസ്സുകാരിയടക്കം ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ വർഷം ജില്ലയിൽ നായടക്കമുള്ള മൃഗങ്ങളുടെ കടിയേറ്റ് പേവിഷബാധയുണ്ടാകാതിരിക്കാനുള്ള കുത്തിവെപ്പെടുത്തത് 12,047 പേരാണ്. മുക്കിലും മൂലയിലും കുന്നുകൂടുന്ന മാലിന്യങ്ങൾ തെരുവ്നായ്ക്കളുടെ വിഹാരത്തിന് വഴിയൊരുക്കുന്നുണ്ട്. തെരുവ് നായ്ക്കൾ മാത്രമല്ല, വീടുകളിലെ വളർത്തുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണവും കണക്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
തെരുവുനായ് ഭയത്തിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡും
എറണാകുളത്തെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമെത്തുന്ന യാത്രക്കാർ തെരുവ് നായ്ക്കളുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. എറണാകുളം ജങ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമ കേന്ദ്രങ്ങളിലടക്കം തെരുവ് നായ്ക്കൾ കടന്നുചെല്ലുന്ന സാഹചര്യമുണ്ടെന്ന് യാത്രക്കാർ പറയുന്നു. പ്ലാറ്റ് ഫോമിലൂടെ ഓടിയെത്തുന്ന നായ്ക്കൾ കുരച്ചുകൊണ്ട് ആളുകൾക്ക് നേരെ ചാടുന്നത് സ്ഥിരം സംഭവമാണ്. കുട്ടികളുമായി എത്തുന്നവർ ഇതുമൂലം വലിയ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും സ്ഥിതി സമാനമാണ്. ബസിൽ കയറാനെത്തുന്ന ആളുകളെ ആക്രമിക്കാനായി ഓടിയടുക്കുന്നതും നിത്യസംഭവമാണ്.
ഉടൻ വൈദ്യസഹായം തേടുക
പേവിഷബാധയേറ്റ് 2020ൽ ജില്ലയിൽ ഒരാൾ മരണപ്പെട്ടിരുന്നു. വൈദ്യസഹായം തേടുന്നതിലെ അശ്രദ്ധയാണ് പലപ്പോഴും അപകടകരമായ സാഹചര്യമുണ്ടാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നായ് കടിയേറ്റാൽ ഉടൻ ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളം ഉപയോഗിച്ച് സോപ്പിട്ട് കഴുകുകയും വൈകാതെ ഡോക്ടറെ കാണുകയും വേണം. പരിശോധിച്ച് ആവശ്യമായ കുത്തിവെപ്പ് ഡോക്ടർ നിർദേശിക്കും. കോവിഡ് ലോക്ഡൗൺ വന്നതോടെ വീടുകളിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അവയ്ക്ക് കൃത്യസമയങ്ങളിൽ പേവിഷബാധയിൽ നിന്ന് മുക്തമാകാനുള്ള കുത്തിവെപ്പുകളെടുക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
പേവിഷബാധക്ക് കുത്തിവെപ്പെടുത്തവർ
2021 ജനുവരി - 1102
ഫെബ്രുവരി - 984
മാർച്ച് - 1025
ഏപ്രിൽ - 855
മേയ് - 643
ജൂൺ - 734
ജൂലൈ - 988
ഓഗസ്റ്റ് - 966
സെപ്റ്റംബർ - 990
ഒക്ടോബർ - 1223
നവംബർ -1220
ഡിസംബർ - 1317
2022 ജനുവരി 12 വരെ - 515
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.