ആറുമാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ തെരുവുനായ് കടിച്ചുകീറിയത് 10,000 പേരെ
text_fieldsകൊച്ചി: പ്രതിരോധവും പുനരധിവാസവുമെല്ലാം കടലാസിലൊതുങ്ങിയപ്പോൾ നായ്ക്കളുടെ വിഹാരകേന്ദ്രമായി ഗ്രാമങ്ങൾ. മൃഗസംരക്ഷണവകുപ്പും തദ്ദേശസ്ഥാപനങ്ങളും തെരുവുനായ് നിയന്ത്രണത്തിനും പുനരധിവാസത്തിനുമായി പദ്ധതികൾ നടപ്പാക്കുമ്പോഴും ജില്ലയിലെ ഗ്രാമ നഗര ഭേദമന്യേ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.
കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും അടക്കം ഭീഷണിയായി ഇവ മാറുകയാണ്. കൊച്ചി നഗരംതന്നെ നായ്ക്കളുടെ പിടിയിലാണ്. നഗരവും ഇടറോഡുകളുമെല്ലാം മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞതോടെ ഇവക്ക് ചാകരയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം, സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, എറണാകുളത്തപ്പൻ ഗ്രൗണ്ട് തുടങ്ങിയ എല്ലായിടങ്ങളിലും തെരുവുനായ്ക്കൾ സജീവമാണ്. സന്ധ്യമയങ്ങുമ്പോഴും രാവിലെയും കൂട്ടത്തോടെ എത്തുന്ന ഇവർ പലപ്പോഴും ജനങ്ങളെ ആക്രമിക്കുന്നതും പതിവാണ്.
പ്രഭാത സവാരിക്കാർക്കടക്കം കടിയേൽക്കുന്ന സംഭവങ്ങളും പതിവാണ്. മട്ടാഞ്ചേരി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം അടക്കമുള്ള ജില്ലയിലെ എല്ലാമേഖലകളിൽനിന്ന് തെരുവുനായ് ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴി, ആട് അടക്കമുള്ള വളർത്തുമൃഗങ്ങളും ഇവയുടെ ഇരകളാവുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ തെരുവുനായ്ക്കളെ പിടികൂടാൻ ജീവനക്കാരെ നിയമിച്ചെങ്കിലും അത് പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ മാത്രം കടിയേറ്റത് 58 പേർക്ക്
ആറുമാസത്തിനിടെ ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത് 10,301 പേർക്ക്. ഇതിൽ ഇന്നലെ (ചൊവ്വ) മാത്രം കടിയേറ്റത് 58 പേർക്കാണ്. ജനുവരി-1958, ഫെബ്രുവരി-1859, മാർച്ച്-2028, ഏപ്രിൽ-1764, മേയ്-1966, ജൂൺ-726 എന്നിങ്ങനെയാണ് കടിയേറ്റവരുടെ പ്രതിമാസ കണക്ക്. എന്നാൽ, തെരുവുനായ്ക്കളുടെ കടിയേറ്റെത്തുന്നവരേക്കാൾ കൂടുതൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് എത്തുന്നവരാണ് ഈ ലിസ്റ്റിലുള്ളതെന്നാണ് അധികൃതർ പറയുന്നത്. ആശുപത്രികളിൽ പേവിഷബാധക്കുള്ള മരുന്നുകൾക്ക് ക്ഷാമമില്ലെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.