തെരുവുനായ് ശല്യം
text_fieldsകൊച്ചി: തെരുവുനായ് ശല്യം രൂക്ഷമാകുമ്പോൾ വഴിയോരങ്ങളിൽ പതുങ്ങിയിരിക്കുന്നത് അപകടങ്ങൾ. വെള്ളിയാഴ്ച എറണാകുളം കണ്ടെയ്നർ റോഡിൽ തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചതാണ് ഒടുവിലെ സംഭവം.
കണ്ടെയ്നർ റോഡ് അടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് പ്രശ്നം ഗതാഗതത്തിന് ഭീഷണിയാകുന്നുണ്ട്. അമിത വേഗത, വഴിയോര പാർക്കിങ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് തെരുവുനായ് കൂടി ഭീഷണി ഉയർത്തുന്നത്. 2016നും 2020നും കണ്ടെയ്നർ റോഡിൽ ഇടയിൽ 15ഓളം വാഹനാപകട മരണങ്ങൾ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 150പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വശങ്ങളിൽ മാലിന്യം തള്ളലും വ്യാപകമാണ്. ഇത് ഭക്ഷിക്കുന്നതിനാണ് തെരുവുനായ്ക്കൾ പ്രധാനമായും എത്തുന്നത്. വാഹനങ്ങൾ വരുമ്പോൾ ഇവ റോഡിന് നടുവിലേക്ക് കയറിനിൽക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നു. വഴിവിളക്കിന്റെ കുറവ് കാരണം രാത്രി അപകടസാധ്യത കൂടുതലാണ്. വി.വി.ഐ.പികളുടെ സന്ദർശനമുണ്ടാകുമ്പോഴാണ് ഇവിടെ വഴിവിളക്കുകൾ തെളിയാറുള്ളതെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ല ഭരണകൂടത്തിനും റോഡിന്റെ ഉടമസ്ഥതയുള്ള എൻ.എച്ച്.എ.ഐക്കും പരാതികൾ നൽകിയിരുന്നു.
തെരുവുനായ് വിഹാരകേന്ദ്രമായി റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡും
തെരുവുനായ് ശല്യം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന മേഖലയാണ് റെയിൽവേ സ്റ്റേഷനുകൾ. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ മുതൽ പ്ലാറ്റ്ഫോം വരെ തെരുവുനായ് വിഹാരകേന്ദ്രമാണ്. കുട്ടികളടക്കം യാത്രക്കാർക്കുനേരെ കുരച്ചുകൊണ്ട് ചാടുന്ന സംഭവങ്ങൾ പതിവാണ്. നിരവധിയാളുകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നായുടെ കടിയേറ്റിട്ടുമുണ്ട്. ബസ് സ്റ്റാൻഡുകളിലെയും സ്ഥിതി സമാനമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും തെരുവുനായുടെ വെല്ലുവിളിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.