സി.എസ്.എം.എല്ലിന് അലംഭാവമെന്ന്; തെരുവുവിളക്കുകൾ തെളിക്കാനാവുന്നില്ലെന്ന് കൗൺസിലർമാർ
text_fieldsമട്ടാഞ്ചേരി: കൊച്ചി നഗരത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഏൽപിച്ചതോടെ നഗരത്തിൽ തെരുവു വിളക്കുകൾ തെളിയാത്ത സ്ഥിതിയായെന്ന് നഗരസഭ കൗൺസിലർമാരുടെ പരാതി.
പോസ്റ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന സി.എസ്.എം.എൽ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഡിവിഷനിൽ തെരുവു വിളക്ക് തെളിക്കാൻ ഇവരുടെ മുമ്പിൽ പോയി കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ആറാം ഡിവിഷൻ കൗൺസിലറും മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ എം.എച്ച്.എം. അഷറഫ് ആരോപിച്ചു. ഡിവിഷനുകളിൽ കൗൺസിലർമാരുമായി ചർച്ച ചെയ്യാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ മുൻപ് സ്ഥാപിച്ച ജി.ഐ. പോസ്റ്റുകൾ നോക്കുകുത്തിയായി മാറിയിരിക്കയാണ്. ഈ പോസ്റ്റുകളിൽ വിളക്കുകൾ സ്ഥാപിക്കാനാവില്ലെന്ന നിലപാടിലാണ് ഇവർ. വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താൻ കരാറുകാർക്ക് കഴിയുന്നില്ല. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനിക്ക് ഈ ചുമതല നൽകിയതിൽ ദുരൂഹതയുണ്ടെന്നും അഷറഫ് ആരോപിച്ചു.
തെളിയാത്ത വിളക്കുകൾ കത്തിക്കാൻ വിളിച്ചാൽ 20 ദിവസം കഴിഞ്ഞാൽ പോലും വരുന്നില്ല. വന്നാൽ തന്നെ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. പലപ്പോഴും ട്രാൻസ്ഫോർമർ ഓഫ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിന് കെ.എസ്.ഇ.ബിയുടെ സഹായം വേണം. തെരുവു വിളക്കുകൾ തെളിക്കാൻ കൗൺസിലർമാർ പെടാപ്പാട് പെടുകയാണ്. പ്രശ്ന പരിഹാരത്തിനായി സി.എസ്.എം.എൽ, കെ .എസ്.ഇ.ബി പ്രതിനിധികളുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചുകൂട്ടണമെന്നും അഷറഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ജെ. മാക്സി എം.എൽ.എ, മേയർ എന്നിവർക്ക് പരാതികൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.