വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്ക് കൊച്ചി മെട്രോയിൽ സമ്മർ ക്യാമ്പ്
text_fieldsകൊച്ചി: വേനലവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ച് കൊച്ചി മെട്രോ. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ, ആസ്റ്റർ മെഡ്സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് 'ഡിസ്കവർ 2022' പേരിൽ 30 ദിവസത്തെ ക്യാമ്പ്.
അഞ്ചു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നടത്തുന്ന ക്യാമ്പ് തിങ്കൾ, ചൊവ്വ, ബുധൻ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
കുട്ടികളുടെ ക്ലാസുകൾ കൃഷ്ണദാസ്, ഷാജി എന്നിവർ നയിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, റെയിൽവേ ചൈൽഡ് ലൈൻ കോഓഡിനേറ്റർ അമൃത ശിവൻ, ടീം മെംബർ ദീപക് സുരേഷ് എന്നിവർ നേതൃത്വം നൽകി.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്ന ക്യാമ്പിൽ യഥാക്രമം നൃത്തം, പാട്ട്, ചിത്രരചന എന്നീ മേഖലകളിൽ പ്രഗല്ഭരായ വ്യക്തികൾ കുട്ടികളെ പരിശീലിപ്പിക്കും. വരും ദിവസങ്ങളിൽ കലാകായിക രംഗങ്ങളിൽ പ്രശസ്തരായവരെ ക്യാമ്പിൽ എത്തിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.