പൊരിവെയിലിലെ തണൽമരമാണ് രാജു
text_fieldsമരട്: ചുട്ടുപൊള്ളുന്ന പൊരിവെയിലത്ത് ഒരിത്തിരി തണല്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വഴിയിരികിലെ ഒരു മരത്തണലില്‍ കുറച്ചുനേരം വിശ്രമിച്ചപ്പോൾ ലഭിച്ച ആശ്വാസം എല്ലാവർക്കും ലഭിക്കണമെന്ന ചിന്തയിൽ മരംവെച്ച് പിടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു കൽപണിക്കാരന്റെ ജീവിതകഥയാണിത്. പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല, ഒഴിവുള്ള സമയങ്ങളിലെല്ലാം തൈകള്‍ വെച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് 64കാരനായ പനങ്ങാട് ചേപ്പനം സ്വദേശി രാജു പുതിയിടത്തിന്റെ രീതി. തന്റെ വീടിരിക്കുന്ന കുമ്പളം പഞ്ചായത്ത് പരിധിയില്‍ ഇതിനോടകം ആയിരക്കണക്കിന് തൈകള്‍ നട്ടുപിടിപ്പിച്ചു. ദേശീയപാത ടോള്‍ പ്ലാസ മുതല്‍ തൈക്കൂടം വരെ റോഡരികില്‍ നില്ക്കുന്ന മാവ്, ആല്‍മരം, ഞാവല്‍, പുളിമരം തുടങ്ങി നിരവധി തൈകള്‍ വന്മരങ്ങളായി തളിര്‍ത്തുനില്ക്കുന്നുണ്ട്. ഇവയുടെയെല്ലാം പിന്നിലുള്ള കരങ്ങൾ രാജുവിന്റേതാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.
പരിസ്ഥിതി ദിനത്തില്‍ മാത്രം തൈകള്‍ നടുന്ന ചടങ്ങോ, പബ്ലിസിറ്റിക്കുള്ള പ്രഹസനമോ അല്ല രാജുവിന് തൈകൾ വെച്ചുപിടിപ്പിക്കല്‍. പ്രകൃതിയോടുള്ള സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ്. തൈകളിലൊന്ന് നശിച്ചാല്‍ പുതിയത് നടും. ശ്രീനാരായണഗുരുവിന്റെ 168ാം ജയന്തി ദിനത്തില്‍ ദേശീയപാതയോരത്ത് 168 ഫലവൃക്ഷത്തൈകള്‍ നട്ടുപിപ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റോഡിരികുകളിലെ തൈകള്‍ നനക്കാൻ വെള്ളം എടുക്കുന്നത് ആരാധനാലയങ്ങള്‍, പൊലീസ് സ്റ്റേഷന് തുടങ്ങി പൊതുഇടങ്ങളില്നിന്നാണ്. ഇദ്ദേഹത്തിന്റെ മാതൃകാപ്രവര്‍ത്തനത്തിന് ലയണ്‍സ് ക്ലബ് ഉള്‍പ്പെടെ വിവിധ സന്നദ്ധസംഘടനകള്‍ ആദരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.