കൊച്ചി നഗരത്തിലെ നിരീക്ഷണ കാമറ: കരാറുകാർക്ക് മൂന്നുമാസംകൂടി സമയം നൽകും
text_fieldsകൊച്ചി: കോർപറേഷൻ പരിധിയിൽ മാലിന്യം തള്ളൽ നിരീക്ഷിക്കാനുള്ള കാമറകൾ സ്ഥാപിക്കുന്ന കരാർ കമ്പനിയുടെ പ്രവർത്തനം എങ്ങുമെത്താത്തതിനെത്തുടർന്ന് മൂന്നുമാസം കൂടി നീട്ടിനൽകും.
കോർപറേഷൻ കൗൺസിലിൽ മേയർ എം. അനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തല്‍ ഉൾപ്പെടെ നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരസഭാതിര്‍ത്തിക്കുള്ളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി ഇഴയുന്നുവെന്ന് പ്രതിപക്ഷം കൗൺസിലിൽ ആക്ഷേപമുന്നയിച്ചു. ഒരുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി അനന്തമായി നീളുകയാണ്. വീണ്ടും കരാറുകാര്‍ക്ക് സമയം നീട്ടിനല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും പുതിയ കരാറുകാരെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട ഒരുപണിയും ആരംഭിച്ചിട്ടില്ലെന്നും ഇതിനിടെ കരാര്‍ നീട്ടിനല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും യു.ഡി.എഫ് പാര്‍ലമെന്ററികാര്യ നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ പറഞ്ഞു.
കാലതാമസം വരുത്തിയതിന്റെ കാരണമെന്താണെന്ന് ഫയല്‍ പരിശോധിച്ചശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തെങ്കിലും മേയര്‍ ഇതംഗീകരിച്ചില്ല. മൂന്നുമാസംകൂടി കരാറുകാര്‍ക്ക് സമയം നല്‍കാമെന്നും അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും മേയര്‍ കൗൺസിലിൽ വ്യക്തമാക്കി.
കോഴിക്കോട് കോര്‍പറേഷനില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സതേണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്.
600 കാമറകള്‍ക്ക് പകരമായി കമ്പനിയുടെ അത്രതന്നെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിരുന്നു. ഒരു വര്‍ഷമാണ് ഇംപ്ലിമെന്റേഷന്‍ കാലപരിധി നിശ്ചയിച്ചത്. ഈ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ കോര്‍പറേഷനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.