പന്നിപ്പനി: മാറാടി ഫാമിലെ 17 പന്നികളെ കൊന്നു
text_fieldsമൂവാറ്റുപുഴ: പന്നിപ്പനി സ്ഥിരീകരിച്ച മാറാടി പഞ്ചായത്തിലെ ഫാമിൽ ബാക്കിയുണ്ടായിരുന്ന പന്നികളെ കൊന്നു. 13ാം വാർഡിലെ ശൂലത്ത്പ്രവർത്തിച്ചിരുന്ന ഫാമിലെ 17 പന്നികളെയാണ് ഉന്മൂലനം ചെയ്തത്. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമാണ് ഇവയെ കൊന്നത്. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന ഫാമിൽ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇവിടെ ഉണ്ടായിരുന്ന ഏഴ് പന്നികൾ ചത്തിരുന്നു.
ഇതേതുടർന്ന് ഇവിടെ അണുനശീകരണം നടത്തി. രോഗം കണ്ടെത്തിയതിന് പിന്നാലെ മാറാടി വെറ്ററിനറി സർജൻ ഡോ. ഷീന ജോസഫ് ഫാം സന്ദർശിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചിരുന്നു. രോഗ ബാധിത പ്രദേശങ്ങളിൽ പന്നി മാംസം വിതരണം, ഇതുമായി ബന്ധപ്പെട്ട കടകളുടെ പ്രവർത്തനം എന്നിവ നിർത്തി െവച്ചിട്ടുണ്ട്. ഇവിടെനിന്ന് പന്നികൾ, പന്നിമാംസം എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിരോധിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളിൽനിന്നും മറ്റ് പന്നിഫാമുകളിലേക്ക് രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോ എന്നും പരിശോധിച്ചു.
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലോ മൃഗങ്ങളിലോ പക്ഷികളിലോ രോഗബാധ ഉണ്ടാക്കില്ലെന്നും വളർത്തു പന്നികളെയും കാട്ടുപന്നികളെയും മാത്രമാണ് ഈ വൈറസ് ബാധിക്കുക എന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ മറിയാമ്മ തോമസ് പറഞ്ഞു. ഫാം നടത്തിപ്പുകാർക്കും ജോലിക്കാർക്കും പ്രത്യേക നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.