'ഏറ്റെടുക്കൂ, അല്ലെങ്കിൽ വിട്ടുനൽകൂ...’
text_fieldsകൊച്ചി: രണ്ട് റോഡ് പദ്ധതിയിൽപെട്ട് ജീവിതം സ്തംഭിച്ച ഭൂവുടമകൾ കേണപേക്ഷിക്കുകയാണ് -‘ഒന്നുകിൽ ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ, അല്ലെങ്കിൽ വിട്ടുനൽകൂ...’എന്ന്. ദേശീയ പാത 85ന്‍റെ ഭാഗമായ തൃപ്പൂണിത്തുറ ബൈപാസിന്‍റെ പേരിൽ 32 വർഷമായി ഭൂമി മരവിപ്പിക്കപ്പെട്ടവരുടേതാണ് ദീനരോദനം.
മറ്റക്കുഴി മുതൽ തിരുവാങ്കുളംവരെ ഭാഗത്ത് താമസിക്കുന്നവർക്കാണ് സ്വന്തം ഭൂമിയിൽ ഒന്നും ചെയ്യാൻ പറ്റാതായത്. ഇതിനിടെ അങ്കമാലി-കുണ്ടന്നൂർ ബൈപാസും ഇവരുടെ ഭൂമിക്കടുത്തുകൂടി വരുകയാണ്. ഈ പദ്ധതിയിൽ ഇവരുടെ ഭൂമി ഉൾപ്പെട്ടിട്ടില്ല. ഇതിലെങ്കിലും ഉൾപ്പെടുത്തി തങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. അല്ലെങ്കിൽ ഭൂമി സ്വതന്ത്ര ക്രയവിക്രയത്തിന് വിട്ടുതരണമെന്നും അവർ ആവശ്യപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടായി ഭൂമി മരവിപ്പിച്ചിരിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടാണ് സഹിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭൂമി ഇടപാടുകളൊന്നും നടക്കാത്തതിനാൽ മക്കളുടെ പഠനാവശ്യങ്ങൾക്ക് വായ്പയെടുക്കാൻപോലും സാധിക്കുന്നില്ലെന്ന് അവർ പറയുന്നു. 32 വർഷമായി തന്‍റെ 15 സെന്‍റ് ഭൂമി ഒന്നും ചെയ്യാനാകുന്നില്ലെന്ന് മറ്റക്കുഴി സ്വദേശി ഗീവർഗീസ് പറഞ്ഞു. തന്‍റെ സമീപത്തെ പല സ്ഥലവും ഏറ്റെടുത്തു.
ഫണ്ടില്ലെന്ന കാരണത്താലാണ് തന്‍റെ ഭൂമി ഏറ്റെടുക്കാത്തതെന്നാണ് അറിയുന്നത്. സഹോദരങ്ങൾക്ക് നൽകേണ്ട വിഹിതം പോലും അതിനാൽ നൽകാനായിട്ടില്ല. നല്ലൊരു വീടുവെച്ച് താമസിക്കുകയെന്ന സ്വപ്നമാണ് പതിറ്റാണ്ടുകളായി സാധ്യമാകാതെ കിടക്കുന്നത്. ദേശീയ പാത നിർമാണത്തിൽ തങ്ങളുടെ ഭൂമി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചതാണ്. എന്നിട്ടുപോലും നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് മരവിപ്പിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥർ നിരാശയിലാണെന്ന് വിഷയവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് ഏലിയാസ് അമ്പലത്തിങ്കൽ ‘മാധ്യമ’ത്തോട് പറഞ്ഞു. 10 സെന്‍റ് ഭൂമിയാണ് മറ്റക്കുഴിയിലുള്ളത്. പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ തനിക്ക് ഈ ഭൂമിയുടെ കാര്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
പ്രധാനമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചപ്പോൾ ആശ്വസിച്ചിരിക്കുകയായിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.കൃത്യമായൊരു മറുപടി ഇപ്പോൾ എവിടെ നിന്നും ലഭിക്കുന്നില്ല. പദ്ധതിക്കായി അതിർത്തിക്കല്ല് സ്ഥാപിച്ചതിനാൽ ഭൂമി വിൽക്കാനും സാധിക്കുന്നില്ല. ഒന്നുകിൽ ഭൂമി ഉടമസ്ഥർക്ക് തിരികെ നൽകണം, അല്ലെങ്കിൽ ഏറ്റെടുക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി-കുണ്ടന്നൂർ ബൈപാസിൽ ഉൾപ്പെടുത്തപ്പെടുന്നില്ലെങ്കിൽ, ആദ്യപദ്ധതിക്കായി മരവിപ്പിച്ചിരിക്കുന്ന ഭൂമി ഉടമസ്ഥർക്ക് കൈമാറ്റം ചെയ്യാനാകും വിധം വിട്ടുകൊടുക്കണമെന്ന് തിരുവാണിയൂർ മുൻ പഞ്ചായത്ത് അംഗം റെജി ഇല്ലിക്കപ്പറമ്പിൽ പറഞ്ഞു. രണ്ട് പദ്ധതിക്കുവേണ്ടി മീറ്ററുകൾ വ്യത്യാസത്തിൽ രണ്ട് കുടിയൊഴിപ്പിക്കൽ നടത്താതെ ഒന്നിലൂടെ മാത്രം നടപ്പാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.