ആറാം വാർഷികത്തിൽ കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കം
text_fieldsകൊച്ചി: കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ജൂൺ 17ന് ആറുവർഷം തികയുകയാണ്. കഴിഞ്ഞ വർഷം മുതൽ കേരള മെട്രോ റെയിൽ ഡേ ആയിട്ടാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും സമ്മാനം നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെ.എം.ആർ.എൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ ശനിയാഴ്ച മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.
വാർഷികദിനത്തിൽ വൻ ഇളവ്
- 17ന് ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് നൽകിയിരിക്കുന്നത്
- 20 രൂപ നിരക്കിൽ യാത്രചെയ്യാം
- 30,40,50,60 രൂപ ടിക്കറ്റുകൾക്ക് 20നൽകി എത്ര ദൂരം വേണമെങ്കിലും ഒരുതവണ യാത്രചെയ്യാം.
- മിനിമം ടിക്കറ്റ് നിരക്കായ 10രൂപ അന്നേ ദിവസം തുടരും
യാത്രികരെ ആകർഷിച്ച് ഓഫറുകൾ
- വിവിധ ഓഫറുകളും യാത്ര പാസുകളും സ്ഥിരംയാത്രികരെ ആകർഷിച്ചു
- കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേർന്ന് മെട്രോ ഷോർട്ട് ഫിലിം മത്സരംനടത്തി.
- അറുപതിലേറെ ടീമുകൾ പങ്കെടുക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ കാഷ് പ്രൈസുകൾ.
- ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25000, 15000, 10000 രൂപ വീതം സമ്മാനം ലഭിക്കും.
മെട്രോക്ക് കൂടുതൽ സ്വീകാര്യത
- ഏപ്രിലിൽ ദിവസേന ശരാശരി 75831 ആളുകളാണ് യാത്ര ചെയ്തത്.
- മേയിൽ ദിവസേന ശരാശരി 98766 ആളുകൾ യാത്രചെയ്തു.
- മേയിൽ 12 ദിവസങ്ങളിൽ ഒരുലക്ഷത്തിലധികംപേർ യാത്രചെയ്തു.
- 13 ദിവസം 95,000ത്തിലധികം പേർ യാത്രചെയ്തിട്ടുണ്ട്.
പ്രദർശന മേളകൾ മുതൽ ക്വിസ് മത്സരം വരെ
11 മുതൽ 17 വരെ ആലുവ, കളമശ്ശേരി, പാലാരിവട്ടം, കലൂർ, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ സ്റ്റേഷനുകളിൽ കുടുംബശ്രീ പ്രദർശന-വിൽപന മേള നടക്കും. 17ന് കലൂർ മെട്രോ സ്റ്റേഷനിൽ വിവിധ ഉൽപന്നങ്ങളുടെ പ്രദർശന-വിൽപന മേള ഒരുക്കും. ‘ബോബനും മോളിയും’ പേരിൽ ഓപൺ ക്വിസ് മത്സരം സംഘടിപ്പിക്കും. പ്രായഭേദമെന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. മൂന്നുദിവസം നീളുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങൾ കൊച്ചി മെട്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നടക്കും. 17ന് ഉച്ചക്ക് രണ്ടിന് പ്രിലിമിനറി റൗണ്ടും തുടർന്ന് സെമി ഫൈനലും ഫൈനലും വൈറ്റില മെട്രോ സ്റ്റേഷനിൽ നടക്കും. രജിസ്ട്രേഷൻ ഓൺലൈനായിട്ടാണ്. രജിസ്ട്രേഷൻ ഫീ ഇല്ല. വിവരങ്ങൾക്ക് +91 79076 35399. ചിത്രരചന മത്സരവും 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി ചെസ് മത്സരവും നടക്കും.
ഗെയിമുകളും ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും
ഇന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ പൊതുജനങ്ങൾക്കായി വിവിധ ബോർഡ് ഗെയിമുകളും 11ന് ഉച്ചക്ക് രണ്ട് മുതൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 15ന് കൊച്ചി മെട്രോ ട്രെയിനുകളിൽ കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. തുടർന്ന് ഇവയിൽ ചില കാരിക്കേച്ചറുകൾ തെരഞ്ഞെടുത്ത ട്രെയിനുകളിൽ പ്രദർശിക്കും. 16ന് പൊതുഗതാഗത കോൺക്ലേവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘടിപ്പിക്കും. 22 മുതൽ 25 വൈറ്റില മെട്രോ സ്റ്റേഷനിൽ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.