‘വവ്വാൽ’ ബസ് കാത്തിരിപ്പു കേന്ദ്രം തുരുമ്പെടുക്കുന്നു
text_fieldsമൂവാറ്റുപുഴ: നഗരഹൃദയത്തിലെ കച്ചേരിത്താഴം വവ്വാൽ ബസ് കാത്തിരിപ്പു കേന്ദ്രം തുരുമ്പെടുക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ബസ് കാത്തുനിൽപ് കേന്ദ്രത്തിന്റെ മേൽക്കൂരയാണ് തുരുമ്പെടുക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കി വിവാദമായതാണ് ഈ ബസ് കാത്തുനിൽപ്പു കേന്ദ്രം.
വവ്വാലിന്റെ മാതൃകയിലുള്ള മേൽക്കൂരയിലാണ് തുരുമ്പു കയറുന്നത്. കൂറ്റൻ തൂണുകൾക്കു മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടുനിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പുകളിലാണ് തുരുമ്പ് വ്യാപിക്കുന്നത്.
താഴെ നിന്ന് നോക്കിയാൽ പൈപ്പുകളിൽ തുരുമ്പുള്ളത് മനസ്സിലാകില്ല. എന്നാൽ, കോടതി സമുച്ചയത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ പൈപ്പുകൾ അപകടാവസ്ഥയിലായിരിക്കുന്നത് വ്യക്തമാകും.
ഇതിനിടെ, ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിക്ക് രണ്ട് ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നെങ്കിലും പണികൾ നടന്നില്ല. 2019ലാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായത്. ഇതിനു ശേഷം അറ്റകുറ്റപ്പണി നടന്നിട്ടില്ല.
കരാറുകാരന് പണം നൽകിയിട്ടില്ലാത്തതിനാൽ ഇദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മേൽക്കൂരക്ക് മുകളിലെ പൈപ്പുകളിൽ തുരുമ്പ് വ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.