കെട്ടിടാവശിഷ്ടങ്ങൾ തള്ളി തോട് നികത്തുന്നു
text_fieldsവരാപ്പുഴ: നീരൊഴുക്കുള്ള തോട് അനധികൃതമായി കെട്ടിടാവശിഷ്ടങ്ങൾ തള്ളി നികത്തുന്നതായി പരാതി. വള്ളുവള്ളി വളവിനു സമീപം ചെറിയപ്പിള്ളി പുഴയുമായി ബന്ധിക്കുന്ന തോടാണ് സ്വകാര്യവ്യക്തി നികത്തിയത്. തോടിന്റെ മധ്യഭാഗത്ത് പ്ലാസ്റ്റിക് നെറ്റ് കെട്ടിയ ശേഷം കെട്ടിടാവശിഷ്ടങ്ങൾ തള്ളിയിരിക്കുകയാണ്. സമീപത്തെ പുതിയതായി വീട് നിർമിച്ച വീട്ടുടമയാണ് നികത്തലിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ സ്ഥലം ലഭിക്കാനും തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കിൽനിന്ന് രക്ഷപ്പെടാനുമാണ് ഈ നീക്കം. മധ്യഭാഗത്ത് കെട്ടിയിരിക്കുന്ന ഗാർഡൻ നെറ്റ് തള്ളി കെട്ടിടാവശിഷ്ടങ്ങൾ തോടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇത് സംബന്ധിച്ച് സമീപവാസികൾ തഹസിൽദാർക്കും വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വില്ലേജ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. നികത്തിയ ഭാഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് വില്ലേജ് അധികൃതർ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉടൻ നീക്കം ചെയ്യാമെന്ന് മറുപടി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി. നികത്തിയ ഭാഗത്ത് വൻ വെള്ളക്കെട്ട് രൂപപ്പെട്ട് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറാൻ ഇടയാക്കുമെന്നാണ് സമീപവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.