ആന വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി
text_fieldsമട്ടാഞ്ചേരി: ഉത്സവം കഴിഞ്ഞ് അമ്പലക്കുളക്കരയിൽ വിശ്രമിക്കുകയായിരുന്ന ആന വിരണ്ടോടിയത് പരിഭ്രാന്തിക്കിടയാക്കി.
മട്ടാഞ്ചേരി ചെറളായി തിരുമല ദേവസ്വം ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന വേണാറ്റുമറ്റം ഗോപാലൻകുട്ടിയെന്ന ആനയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ ഇടഞ്ഞോടിയത്.
തിങ്കളാഴ്ച ആറാട്ട് ഉത്സവം കഴിഞ്ഞ് ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് കുളിപ്പിക്കാൻ അമ്പലക്കുളത്തിനരികിൽ എത്തിച്ചതാണ്. കനത്ത ചൂടുമൂലം അസ്വസ്ഥനായിരുന്ന ആന റോഡിലൂടെ പോകുകയായിരുന്ന വാഹനത്തിെൻറ എയർ ഹോൺ കേട്ടതോടെ പരിഭ്രാന്തനാകുകയായിരുന്നു.
കൂച്ചുവിലങ്ങുണ്ടായിരുന്നെങ്കിലും ആന ഓടി അമ്പലക്കുളത്തിന്റെ ചുറ്റുമതിൽ തകർത്ത് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിെൻറ വടക്കേ റോഡിലേക്കിറങ്ങി അരമണിക്കൂറോളം ഓടി.
പിറകെ ഓടിയെത്തിയ പാപ്പാന്മാർ ആനയെ തളച്ചു. ആനയുടെ ഒരു കണ്ണിന് കാഴ്ച വൈകല്യമുണ്ടെന്നാണ് പറയുന്നത്. ഉത്സവത്തിന് ഭക്തർക്ക് പ്രവേശനമില്ലാതിരുന്നതിനാൽ തിരക്കില്ലായിരുന്നു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.