വിരണ്ടോടി വീട്ടിലെത്തിയ പോത്തിന് കാവലിരുന്ന് മടുത്ത് കുടുംബം
text_fieldsപള്ളുരുത്തി: വിരണ്ടോടി വന്ന് വീട്ടിലെ മുതലുകൾ നശിപ്പിച്ച പോത്തിന് കാവലിരുന്ന് നരകിക്കുകയാണ് ഒരു കുടുംബം. പെരുമ്പടപ്പ് കോണം സനാതന റോഡിൽ ചെന്നാട്ട് വീട്ടിൽ ഫ്രാൻസീസ് സേവ്യറിന്റെ വീട്ടുമുറ്റത്തേക്കാണ് അറവിനായി കൊണ്ടുവന്ന പോത്ത് കഴിഞ്ഞ 24ന് ഓടിക്കയറിയത്. രാവിലെ ആറുമണിയോടെ പാഞ്ഞുകയറിയ കൂറ്റൻ പോത്ത് വീടിന്റെ പ്രധാന ഗേറ്റ് ഇടിച്ചുതകർത്തു. പരിസരത്തെ ഉപകരണങ്ങളും വൃക്ഷങ്ങളും നശിപ്പിച്ചു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി പോത്തിനെ ഫ്രാൻസീസ് സേവ്യറിന്റെ വീട്ടുമുറ്റത്ത് കെട്ടുകയായിരുന്നു. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും, പൊലീസുമെത്തി പോത്ത് തത്കാലം ഇവിടെ തന്നെ തുടരട്ടെ എന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്.
കഴിഞ്ഞ ഏഴു ദിവസമായി പോത്തിന് ആഹാരവും വെള്ളവും നൽകി ഫ്രാൻസീസ് സേവ്യറും കുടുംബവും സംരക്ഷിച്ചുപോരുകയാണ്. ഒന്നുരണ്ട് ദിവസം പോത്തിനെ ഇവിടെ സംരക്ഷിക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു. എന്നാൽ ഇത്ര ദിവസമായിട്ടും ബന്ധപ്പെട്ടവർ ഒരു തീരുമാനവും എടുക്കാതെ നീണ്ടുപോകുകയാണ്. ഇതിനിടയിൽ പോത്തിനെ ബന്ധിച്ചിരുന്ന കയർപൊട്ടി തുടങ്ങിയിട്ടുണ്ട്. പോത്ത് അഴിഞ്ഞു വന്ന് അക്രമിക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. പോത്തിന്റെ ഉടമകൾ ഇതിനെ ഏറ്റെടുക്കണമെന്ന് കാട്ടി പൊലീസ് പരസ്യം പുറപ്പെടുവിച്ചെങ്കിലും ആരും തയ്യാറായി വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.