ഫോർട്ട്കൊച്ചി കടപ്പുറത്ത് യൂറോപ്യൻ കോട്ടയുടെ അടിത്തറ തെളിഞ്ഞു
text_fieldsഫോർട്ട്കൊച്ചി: രാജ്യത്തെ ആദ്യ യൂറോപ്യൻ കോട്ടയുടെ ശേഷിപ്പുകൾ ഫോർട്ട്കൊച്ചി കടൽത്തീരത്ത് തെളിഞ്ഞുവന്നു. കടൽ ഇറങ്ങിയതോടെയാണ് തീരത്ത് പുതഞ്ഞുകിടന്ന ഇമാനുവൽ കോട്ടയുടെ ചെങ്കല്ലിൽ തീർത്ത അടിത്തറ തെളിഞ്ഞത്. മിഡിൽ ബീച്ചിൽ പീരങ്കി സ്ഥാപിച്ചതിന് എതിർവശത്തെ തീരത്താണ് സംഭവം.
മൂന്നു വർഷം മുമ്പും കോട്ടയുടെ അടിത്തറ തെളിഞ്ഞു വന്നെങ്കിലും സംരക്ഷണ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് പിന്നീട് മണ്ണിനടിയിൽ പുതഞ്ഞുപോയിരുന്നു. 1503ലാണ് കൊച്ചി രാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാർ കടൽത്തീരത്ത് കോട്ട പണിതത്. അന്നത്തെ പോർച്ചുഗീസ് രാജാവായിരുന്ന ഇമാനുവലിനോടുള്ള ആദരസൂചകമായി ഇമാനുവൽ കോട്ടയെന്ന് നാമകരണം ചെയ‌്തു. കോട്ടയുടെ സംരക്ഷണത്തിനായി ഏഴ് കൊത്തളങ്ങളും പണിതിരുന്നു.
1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കൈക്കലാക്കിയപ്പോൾ കോട്ട ഡച്ചുകാർ തകർത്തു തരിപ്പണമാക്കി. കോട്ടയുള്ള കൊച്ചി ഫോർട്ട്കൊച്ചിയായി അറിയപ്പെട്ട് സ്ഥലനാമമായി മാറി. ഫോർട്ട്കൊച്ചി കാണാനെത്തുന്ന വിദേശികൾ നാട്ടുകാരോട് ചോദിക്കുന്ന ചോദ്യമാണ് കോട്ട എവിടെയെന്നത്. കോട്ടയില്ലെങ്കിലും കോട്ടയുടെ തെളിഞ്ഞു വന്ന ഭാഗം കടലെടുക്കാതെ സംരക്ഷിച്ച് ചരിത്രത്തിന്‍റെ നേർകാഴ്ചയാക്കി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.