നഗര റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊതുമരാമത്തിന്റെ മാത്രമല്ല മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചി കോർപറേഷൻ, വിശാല കൊച്ചി വികസന അതോറിറ്റി എന്നിവക്കുകീഴിൽ വരുന്ന റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി.
നഗരത്തിലെ നടപ്പാതകളുടെ ശോച്യാവസ്ഥക്കും മാറ്റമുണ്ടാക്കണം. മഴക്കാലമായിട്ടും നടപ്പാതകൾ അപകട ഭീഷണി ഉയർത്തി തുടരുകയാണ്. കാൽനടക്കാർ അനുഭവിക്കുന്ന ദുരിതം അലോസരപ്പെടുത്തുന്നതാണ്. കാൽനടക്കാർക്ക് ഒരു വിലയും കൽപിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. കുറഞ്ഞപക്ഷം നടപ്പാതകൾ നടക്കാൻ പറ്റുന്ന രൂപത്തിലെങ്കിലുമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
നടപ്പാതകൾപോലെ റോഡിന്റെ മറ്റുഭാഗങ്ങളും പൂർണമായും ഉപയോഗയോഗ്യമായ അവസ്ഥയിലല്ല. കോടതിയുടെ പല ഉത്തരവുണ്ടായിട്ടും ഈ വിഷയത്തിന് അധികൃതർ മുൻഗണന നൽകുന്നില്ല. പൗരന്മാരുടെ ജീവൻ അപകടത്തിലാകുമ്പോഴും ഫണ്ടില്ലെന്ന ന്യായം അധികൃതർക്ക് തുടരാൻ കഴിയുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.
ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ യോജിച്ച ഇടങ്ങളില്ലെന്നും ഉള്ളവതന്നെ വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, എം.ജി റോഡിലെ കാനകളും നടപ്പാതകളും പുതുക്കിപ്പണിയാൻ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ‘ഓപറേഷൻ ഫുട്പാത്ത്’ സംബന്ധിച്ച ജില്ല കലക്ടറുടെ റിപ്പോർട്ടും ഹാജരാക്കി.
കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചി കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, വിശാല കൊച്ചി വികസന അതോറിറ്റി, കളമശ്ശേരി, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, പൊലീസ് എന്നീ വിഭാഗങ്ങളുടെ ഏകോപനസമിതി കലക്ടറുടെ അധ്യക്ഷതയിൽ രൂപവത്കരിച്ചിട്ടുണ്ട്.
മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതിക്കും വിവരങ്ങൾ കൈമാറണമെന്ന് നിർദേശിച്ച സിംഗിൾ ബെഞ്ച് ഈ നടപടികളെ അഭിനന്ദിച്ചു.
എം.ജി റോഡ് വിഷയത്തിൽ ഈ മാസം 11നും അറ്റകുറ്റപ്പണിയിലെ പുരോഗതി സംബന്ധിച്ച് 25നും ബന്ധപ്പെട്ട അധികൃതർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.