വാട്ടർ ടാങ്കും പമ്പ് ഹൗസും നിർമിക്കാൻ ചട്ടങ്ങളിൽ ഇളവു നൽകാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: വാട്ടർ ടാങ്കും പമ്പ് ഹൗസും നിർമിക്കാൻ നഗരസഭക്ക് ചട്ടങ്ങളിൽ ഇളവു നൽകാനാവില്ലെന്ന് ഹൈകോടതി. തൃക്കാക്കര നഗരസഭയുടെ 28ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കടകൾക്ക് സമീപം ചട്ടവിരുദ്ധമായി നഗരസഭ പമ്പ് ഹൗസും വാട്ടർടാങ്കും നിർമിക്കുന്നതിനെതിരെ തൃക്കാക്കര സ്വദേശി കെ.കെ. അക്ബർ ഉൾപ്പെടെ രണ്ടുപേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്ന കെട്ടിട നിർമാണച്ചട്ടം ലംഘിച്ചാണ് തൃക്കാക്കരയിലെ നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമീപത്തെ കടകളിൽ കച്ചവടക്കാരായ ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഇവിടെയുള്ള കിണറ്റിൽനിന്ന് പൊതു ആവശ്യത്തിന് വെള്ളമെടുക്കാനാണ് പമ്പ് ഹൗസ് നിർമിക്കുന്നതെന്നും ഇതിനായി ചട്ടത്തിൽ ഇളവു നൽകണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
അതേസമയം, പമ്പ് ഹൗസ് നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ഹരജിക്കാർ കൈയേറ്റക്കാരാണെന്നും ആരോപിച്ച് കരാറുകാരൻ കെ.എ ജിനാസ് നൽകിയ ഹരജി ഹൈകോടതി തള്ളി. ഇത്തരം ആവശ്യങ്ങൾക്ക് നഗരസഭ കെട്ടിടനിർമാണ ചട്ടത്തിൽ ഇളവു നൽകാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിശ്ചിത അകലം പാലിക്കാതെ നിർമാണം നടത്താനാവില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടിയുള്ള കരാറുകാരന്റെ ഹരജി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.