വെള്ളത്തിൽ മുങ്ങിയ കാറിന്റെ ഇൻഷുറൻസ് തുക നൽകിയില്ല; ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെത്തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ലെന്ന പരാതിയിൽ സർവിസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതിച്ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. സായി സർവിസസ് ഇടപ്പള്ളി, മാരുതി ഇൻഷുറൻസ് എന്നിവർക്കെതിരെ എറണാകുളം സ്വദേശി പി.ടി. ഷാജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മാരുതി ബലേനോ ആൽഫാ പെട്രോൾ കാറിന് ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജിനായി 10,620 രൂപയാണ് പ്രീമിയം അടച്ചത്. എക്സ്റ്റൻഡഡ് വാറന്റിയും എതിർകക്ഷികൾ വാഗ്ദാനം ചെയ്തു. പ്രളയത്തിൽപെട്ട കാറിന്റെ എൻജിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ല എന്ന് സർവിസ് സെൻറർ അറിയിക്കുകയും ചെയ്തു. മാറ്റിവെക്കുന്നതിനുള്ള ചെലവായ 64,939 രൂപയിൽ ഇൻഷുറൻസ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56,939 രൂപയും 40,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാൽ, 8000 രൂപയേ അനുവദിക്കാനാവൂ എന്ന നിലപാടാണ് എതിർകക്ഷികൾ സ്വീകരിച്ചത്.
ഈ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
എതിർ കക്ഷികൾ ഇൻഷുറൻസ് തുകയായ 56,939 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.