എൽ.ഡി.എഫ് പ്രമേയം യു.ഡി.എഫ് പിന്തുണയിൽ പാസായി
text_fieldsകൊച്ചി: നഗരത്തിലെ കുടിവെള്ള വിതരണത്തിന് എ.ഡി.ബിയുമായി കരാറിലേർപ്പെടാനുള്ള നീക്കത്തിനെതിരെ കോർപറേഷൻ കൗണ്‍സിലില്‍ എൽ.ഡി.എഫ് പ്രമേയം. യു.ഡി.എഫും അംഗീകരിച്ച് കൗൺസിലിൽ പ്രമേയം പാസാക്കി. സി.പി.എം കൗൺസിലർ പി.ആര്. റെനീഷിന്റെ പിന്തുണയിൽ സി.പി.ഐയുടെ സി.എ. ഷക്കീറാണ് പ്രമേയം അവതരിപ്പിച്ചത്.
കരാറിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന പൊതുഅഭിപ്രായം സര്‍ക്കാറിനെ അറിയിക്കുമെന്ന് പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് മേയര്‍ അഡ്വ. എം. അനില്‍കുമാർ വ്യക്തമാക്കി. കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്ന പദ്ധതി ഏകപക്ഷീയമായ നടപ്പാക്കാനാകില്ലെന്നും വിശദാംശങ്ങള്‍ കൗണ്‍സിലര്‍മാരെ ബോധ്യപ്പെടുത്തണമെന്നും മേയര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അംഗം എ.ആർ. പത്മദാസും നാല് ബി.ജെ.പി അംഗങ്ങളും മാത്രമാണ് പ്രമേയത്തോട് വിയോജിച്ചത്. കോണ്‍ഗ്രസ് അംഗത്തിന്റെ എതിർപ്പ് യു.ഡി.എഫില്‍ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും മുന്നണി നിലപാട് വ്യക്തമാക്കി പ്രമേയം അംഗീകരിച്ച് മുഖം രക്ഷിച്ചു.
കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്തായിരുന്നു ഷക്കീറിന്റെ പ്രമേയം. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ പ്രമേയത്തിന് പിന്തുണ നൽകി. ഇതിനിടെയാണ് പത്മദാസ് വിയോജിപ്പ് അറിയിച്ചത്.
നാളിതുവരെ നഗരത്തില്‍ നടപ്പാക്കിയ അര ഡസനോളം പദ്ധതികള്‍ ലക്ഷ്യത്തില്‍ എത്താത്തതാണ് കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങള്‍ തുടരാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യവത്കരണത്തിലൂടെയേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂവെന്നും വ്യക്തമാക്കി.
ഇതോടെ വെട്ടിലായ കോൺഗ്രസിന് മേയറുടെയും എൽ.ഡി.എഫിന്റെയും വിമർശനമുണ്ടായി. കോണ്‍ഗ്രസിലെ ഭിന്നതയാണിതിലൂടെ വ്യക്തമാകുന്നതെന്നും സ്വകാര്യവത്കരണ നയത്തോടുള്ള കോണ്‍ഗ്രസിന്റെ സ്ഥാപിത നിലപാടാണ് പത്മദാസിലൂടെ പുറത്തുവന്നതെന്നും അവർ വിമർശിച്ചു.
പത്മദാസിന്റെ നിലപാടിനെ ഈയിടെ സ്ഥിരം സമിതി സ്ഥാനം നഷ്ടപ്പെട്ട സുനിത ഡിക്സണ്‍ അനുകൂലിച്ചെങ്കിലും പ്രമേയത്തെ പിന്തള്ളാന് കൂട്ടാക്കിയില്ല. പൂർണമായും പ്രമേയത്തെ എതിർക്കുകയാണെന്ന നിലപാടാണ് നാല് ബി.ജെ.പി അംഗങ്ങള്‍ സ്വീകരിച്ചത്.
വിദേശ വായ്പ വേണ്ടെന്ന് നിലപാടില്ലെന്ന് മേയർ വ്യക്തമാക്കി. എന്നാല്‍ കൗണ്‍സിലുമായി ചര്‍ച്ച നടത്തിയേ പദ്ധതി നടപ്പാക്കാവൂ. വിഷയത്തിൽ കൗണ്‍സില്‍ അഭിപ്രായം തേടണമെന്ന് സര്‍ക്കാറിനെ അറിയിക്കുമെന്നും സ്വകാര്യവത്കരണ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം സര്‍ക്കാറിലേക്ക് അയക്കുമെന്നും മേയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.