മരപ്പട്ടിശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ മൂന്നെണ്ണം കെണിയിൽ കുടുങ്ങി
text_fieldsമട്ടാഞ്ചേരി: മരപ്പട്ടികളെ കൊണ്ട് പൊറുതിമുട്ടി തോപ്പുംപടി നിവാസികൾ. അഞ്ചിലേറെ മരപ്പട്ടികൾ ജനവാസ കേന്ദ്രമായ ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ മൂന്നാമത്തെ മരപ്പട്ടിയും വനം വകുപ്പ് വെച്ച കെണിയിൽ കുടുങ്ങി. നേരത്തേ രണ്ടെണ്ണം കുടുങ്ങിയിരുന്നു. തോപ്പുംപടി പി.ജെ. ജെറോം റോഡ്, ഉണ്ണി രമേശൻ റോഡ് എന്നിവിടങ്ങളിലാണ് നാട്ടുകാർക്ക് തലവേദനയായി മരപ്പട്ടികൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ ഒരു മരപ്പട്ടിയെ കണ്ടെങ്കിലും പിന്നീട് കാണാതായിരുന്നു. എന്നാൽ, മൂന്ന് മാസമായി ഇവയുടെ ശല്യം രൂക്ഷമാണ്. വീട്ടുവളപ്പിലെ ചെടികളും വൃക്ഷങ്ങളിലെ ഫലങ്ങളുമെല്ലാം നശിപ്പിക്കുന്നത് പതിവാണ്. വളർത്ത് മൃഗങ്ങൾക്കും ശല്യമായി മാറി. നിരന്തരം ശല്യം ഏറിയതോടെ നാട്ടുകാർ കൗൺസിലർ ഷീബാ ഡ്യൂറോമിന്റെയടുത്ത് പരാതിപ്പെട്ടു. തുടർന്ന് കൗൺസിലറുടെ നിർദേശ പ്രകാരം പൊതുപ്രവർത്തകനായ സുമിത്ത് ജോസഫ് പ്രദേശത്തെ വനംവകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനോട് പരിഹാരം തേടുകയും അദ്ദേഹം വനം വകുപ്പുമായി ബന്ധപ്പെട്ട് മരപ്പട്ടിയെ കുടുക്കാൻ കെണി സ്ഥാപിക്കുകയായിരുന്നു. ബുധനാഴ്ച കുടുങ്ങിയ മൂന്നാമത്തെ മരപ്പട്ടിയെ വനം വകുപ്പ് അധികൃതർ കോടനാട്ടേക്ക് കൊണ്ടുപോയി. ബാക്കിയുള്ള മരപ്പട്ടികൾക്കായി കെണി വെച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.