നഗരസഭയുടെ യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsഫോർട്ട്കൊച്ചി: വൈപ്പിൻ-ഫോർട്ടുകൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തിയിരുന്ന ഫോർട്ട് ക്വീൻ യാത്രാ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു. പത്തു മാസമായി ബോട്ട് സർവീസ് നടത്തുന്നില്ല. മറൈൻ ഡ്രൈവിലുള്ള ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്.
മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായാണ് കൊച്ചി നഗരസഭ രണ്ട് റോ റോ വെസലുകളും ഫോർട്ട് ക്വീൻ ബോട്ടും നിർമിച്ചത്. നടത്തിപ്പു ചുമതല കിൻകോക്ക് നൽകി. എന്നാൽ സർവിസിന്റെ പോരായ്മ മൂലം പലപ്പോഴും ഒരു റോ റോയാണ് സർവിസ് നടത്താറുള്ളത്.
ഇതിൽ തന്നെ ഭൂരിഭാഗവും വാഹനങ്ങളാകും. കാൽനടക്കാരായി വരുന്നവർക്ക് ഏറെ സഹായകമായിരുന്ന ബോട്ട് സർവിസ് പത്തു മാസം മുമ്പേ നിർത്തി. ഈ ബോട്ട് എവിടെയാണെന്ന് നഗരസഭക്ക് പോലും അറിയാത്ത സാഹചര്യമായിരുന്നു. ഒടുവിൽ പൊതുപ്രവർത്തകൻ ഹാരിസ് അബു വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോഴാണ് ബോട്ട് കിൻകോയുടെ മറൈൻ ഡ്രൈവിലുള്ള ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണെന്ന മറുപടി ലഭിച്ചത്.
സർവിസ് നടത്താത്തത് ലൈസൻസ് കാലാവധി കഴിഞ്ഞത് മൂലമാണെന്നും മറുപടിയിൽ പറയുന്നു. ഒന്നര കോടി രൂപ ചെലവഴിച്ച് നിർമിച്ച ബോട്ടിന്റെ ലൈസൻസ് പുതുക്കാൻ അധികൃതർക്ക് മാസങ്ങളായിട്ടും കഴിഞ്ഞില്ലെന്നത് യാത്രക്കാരോടുളള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തേ സ്വകാര്യ ഏജൻസികൾ നടത്തിയിരുന്നപ്പോൾ പോലും ബോട്ട് സർവിസും ജങ്കാർ സർവിസും കൃത്യമായി നടത്തിയിരുന്നു.
കിൻകോക്ക് ബോട്ട് സർവീസ് നടത്താൻ താൽപര്യമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സർവീസ് ലാഭകരമെല്ലന്നാണ് ഇവരുടെ വാദം. റൂട്ടിൽ ബോട്ട് സർവിസ് അടിയന്തിരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ഡ്രഡ്ജിങ് പൂർത്തിയായാൽ മട്ടാഞ്ചേരി ജെട്ടിയിൽനിന്ന് സർവിസ് പുനരാരംഭിക്കും -മന്ത്രി
മട്ടാഞ്ചേരി: ഡ്രെഡ്ജിങ് പൂർത്തിയാക്കിയാൽ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽനിന്ന് സർവിസ് പുനരാരംഭിക്കാമെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർവിസ് പുനരാരംഭിക്കാൻ നടപടി വേണമെന്ന കെ.ജെ മാക്സി എം.എൽ.എയുടെ നിയമസഭ സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മട്ടാഞ്ചേരി ജെട്ടിയിൽ നിന്നുള്ള സർവിസ് 2018 ലാണ് നിർത്തിയത്. എക്കൽ അടിഞ്ഞത് മൂലം ബോട്ട് അടുക്കപ്പിക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് സർവിസ് നിർത്തിയത്.
പിന്നീട് ഇറിഗേഷൻ വകുപ്പിൽ നിന്ന് ബോട്ട് ജെട്ടി നിർമിക്കുന്നതിന് 70 ലക്ഷം രൂപയും എക്കലും ചളിയും നീക്കം ചെയ്ത് റൂട്ട് സുഗമമാക്കാനായി 4.5 കോടിയും അനുവദിച്ചു. 2021ൽ പണി തുടങ്ങുകയും ജെട്ടി നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ഡ്രെഡ്ജിങിനായി ഫണ്ട് അനുവദിക്കുകയും ജോലികൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഡ്രെഡ്ജിങ് പൂർത്തിയാക്കിയാൽ ഉടൻ ബോട്ട് സർവിസ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.