ദീപാവലിയെ വരവേറ്റ് മട്ടാഞ്ചേരിയിലെ ഉത്തരേന്ത്യൻ സമൂഹം
text_fieldsമട്ടാഞ്ചേരി: ദീപങ്ങളുടെ ആഘോഷത്തിനൊരുങ്ങി മട്ടാഞ്ചേരിയിലെ ഉത്തരേന്ത്യൻ സമൂഹവും നാട്ടുകാരും. ഞായറാഴ്ചയാണ് ദീപാവലി. ക്ഷേത്രങ്ങളിൽ അതിരാവിലെ നാലിന് നിർമാല്യ ദർശന ദീപക്കാഴ്ചയോടെ തുടങ്ങുന്ന ആഘോഷം രാത്രിവൈകിയാണ് സമാപിക്കുക.
നഗര വീഥികളും വീടുകളും ദീപങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്റെ ധാർമിക വിജയാഹ്ലാദമാണ് തെക്കേ ഇന്ത്യക്കാർക്ക് ദീപാവലി. രാവണനിഗ്രഹം നടത്തി വിജയശ്രീലളിതനായ ശ്രീരാമനെ അയോധ്യയിലേക്ക് വരവേല്പിന്റെ ഓർമകളുമായാണ് വടക്കേ ഇന്ത്യയിലെ ആഘോഷം.
ഒപ്പം സംവത്സരി ദിനവും. 23ഓളം ഭാഷ സമൂഹങ്ങളും വിവിധ മതവിഭാഗങ്ങളും മിനി ഇന്ത്യയെന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരിയിലെ ദീപാവലിയാഘോഷം ഏറെ ശ്രദ്ധേയമാണ്.
രാവിലെ ദീപാവലി എണ്ണ സ്നാനം, ക്ഷേത്ര ദർശനം, ദീപക്കാഴ്ചയൊരുക്കൽ, സംഗീതാർച്ചന, അഭിഷേകം, നൃത്ത സന്ധ്യ, വാദ്യമേളങ്ങൾ, മധുര പലഹാര വിതരണം തുടങ്ങി ക്ഷേത്രാനുബന്ധമായ ചടങ്ങുകൾക്കൊപ്പം സാമൂഹിക കൂട്ടായ്മയും ദീപാവലി ആഘോഷത്തെ ശ്രദ്ധേയമാക്കുന്നു.
കൊച്ചി പഴയന്നൂർ ആഴിതൃക്കോവിൽ വിഷ്ണു-ഭഗവതി ക്ഷേത്രം, പാലസ് റോഡിലെ തെക്കെ മഠം ധർമ ശാസ്താക്ഷേത്രം, നവനീത് കൃഷ്ണക്ഷേത്രം, ധരിയസ്ഥാൻ മന്ദിർ, രാംമന്ദിർ, പണ്ഡിതൻ റോഡ് ശ്രീഗോപാല കൃഷ്ണ ക്ഷേത്രം, ദേവ്ജി ഭീംജി മന്ദിർ, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, തുണ്ടിപ്പറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, അമരാവതി ശ്രീമത് ജനാർദനക്ഷേത്രം ,ആൽത്തറ ഭഗവതി ക്ഷേത്രം, ഗോപാലകൃഷ്ണക്ഷേത്രം, വെളി മാരിയമ്മൻ കോവിൽ, ഫോർട്ട്കൊച്ചി ശ്രീകാർത്തികേയ ക്ഷേത്രം.
മുല്ലക്കൽ വനദുർഗ ക്ഷേത്രം പനയപ്പള്ളി, ശ്രീ മുത്താരമ്മൻ ക്ഷേത്രം, ചക്കനാട്ട് ശ്രീമഹേശ്വരി ക്ഷേത്രം, ആര്യക്കാട് ശ്രീരാമ ക്ഷേത്രം, രാമേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദീപാവലി നാളിൽ ദീപക്കാഴ്ചയൊരുക്കി ആഘോഷം നടക്കും. ഗോശ്രീപുരം കൊച്ചി തിരുമല ദേവസം ക്ഷേത്രത്തിൽ രാവിലെ ദീപക്കാഴ്ച വൈകീട്ട് സമൂഹ സഹസ്രദീപാലങ്കാര സേവ, വീണക്കച്ചേരി എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.