നിർമാണം നടക്കാത്തതിൽ പ്രതിഷേധം പുകയുന്നു; മട്ടാഞ്ചേരി ജല മെട്രോ അനിശ്ചിതത്വത്തിൽ
text_fieldsമട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ ജല മെട്രോ ജെട്ടി നിർമാണത്തിലെ അനിശ്ചിതത്വം തുടരുന്നു. പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലങ്ങൾ കാടുപിടിച്ചു നശിക്കുന്നു.
കൊച്ചി ജല മെട്രോ ലിമിറ്റഡിന്റെ രണ്ടാംഘട്ട പദ്ധതി ജെട്ടികൾ ഒക്ടോബറിൽ കമീഷൻ ചെയ്യുമ്പോഴും മട്ടാഞ്ചേരി ജെട്ടി നിർമാണം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാതെ സ്തംഭനാവസ്ഥയിലാണ്.
2024 ഡിസംബറിൽ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധപ്പെടുത്തി ജല മെട്രോയുടെ 32 ജെട്ടികൾ പൂർത്തിയാക്കാനുള്ള നടപടികൾ കെ.എം.ആർ.എൽ പൂർത്തിയാക്കുമ്പോഴും ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മട്ടാഞ്ചേരി മെട്രോ ജെട്ടി നിർമാണം നടക്കാത്തതിൽ വലിയ പ്രതിഷേധമാണ് പുകയുന്നത്. പരമ്പരാഗത വാണിജ്യ നഗരി, പൈതൃക മേഖല, ടൂറിസം കേന്ദ്രം തുടങ്ങിയവയാൽ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ മട്ടാഞ്ചേരിയുടെ വികസനത്തിൽ ജല മെട്രോ അനിവാര്യമാണ്.
കൊച്ചി മെട്രോക്കായി ഒന്നര ഏക്കർ സ്ഥലം ഏറ്റെടുത്ത് നടപടികളായെങ്കിലും നിർമാണം നടക്കാത്തതുമൂലം കാടുകയറി നശിക്കുകയാണ്. 2019ൽ തുടങ്ങി 2021ൽ പൂർത്തിയാക്കേണ്ട മെട്രോ ജെട്ടി നിർമാണത്തിലെ കരാറുകാരൻ എഴ് കോടി രൂപയോളം അഡ്വാൻസ് തുക കൈപ്പറ്റിയെങ്കിലും നിർമാണം നടത്താതെ പോകുകയായിരുന്നു.
രാജ്യത്തെ ആദ്യ പാസഞ്ചർ ബോട്ട് ജെട്ടികളിൽ ഒന്നായ മട്ടാഞ്ചേരി ജെട്ടിയോട് ചേർന്നാണ് ജല മെട്രോ ജെട്ടിക്ക് സ്ഥലം വിട്ടുനൽകിയത്. 2023 ഏപ്രിലിൽ ആദ്യഘട്ട മെട്രോ സർവിസ് തുടങ്ങിയ ഘട്ടത്തിൽ ആരംഭിക്കേണ്ടിയിരുന്ന മട്ടാഞ്ചേരി മെട്രോ ജെട്ടി നിർമാണത്തിന് ഒരു ഇഷ്ടികപോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
നിർമാണത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് നിരവധി ജനകീയ പ്രതിഷേധമുയർന്നെങ്കിലും നടപടികൾ അധികൃതരുടെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.