കുടിവെള്ള പൈപ്പിടാൻ റോഡ് കുഴിച്ചു; മുപ്പത്തടം-കടുങ്ങല്ലൂർ റോഡിൽ ദുരിതയാത്ര
text_fieldsകടുങ്ങല്ലൂർ: ജൽജീവൻ പൈപ്പിടാൻ കുഴിച്ച റോഡിൽ ദുരിതയാത്ര. കടുങ്ങല്ലൂർ മുതൽ മുപ്പത്തടം കവല വരെയുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. ഒരു മാസം മുമ്പാണ് ഈ ഭാഗത്ത് റോഡ് കുഴിച്ചത്. എന്നാൽ, ഇത് കൃത്യമായി അടക്കാൻ അധികൃതർ തയാറായില്ല. മഴ ശക്തമായതോടെ ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. റോഡിലാകെ ചളി നിറഞ്ഞു. ഇരുചക്ര വാഹനങ്ങൾ ചളിയിൽ തെന്നിയും വെള്ളം നിറഞ്ഞ കുഴികളിൽ ചാടിയും മറിയുന്നത് പതിവാണ്. മുപ്പത്തടത്തിനും പഞ്ചായത്ത് കവലക്കും ഇടയിലാണ് കൂടുതൽ ദുരിതം.
റോഡ് കുഴിച്ച ഭാഗത്ത് മണ്ണ് ഇളകി കിടക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ താഴ്ന്ന് പോകുന്നുണ്ട്. വ്യവസായ മേഖലയിലേക്കടക്കം നിരവധി ഭാരവാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ഇത്തരം വാഹനങ്ങൾക്കാണ് യാത്രാ ദുരിതം കൂടുതൽ. അരികിലേക്ക് വാഹനങ്ങൾ ഒതുക്കിയാൽ ടയറുകൾ താഴ്ന്ന് പോകും. അതിനാൽ തന്നെ വലിയ ലോറികൾ പലപ്പോഴും റോഡിന് നടുവിലൂടെയാണ് ഓടിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. മഴ ഒഴിയാതെ റോഡ് നന്നാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും റോഡ് പൊളിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.