തെരുവോരങ്ങളിൽ നിറയുന്നു...സ്വാദേറും പലഹാരക്കാലം
text_fieldsകൊച്ചി: ഉന്നക്കായ, ചിക്കൻ, ബീഫ്, വെജ് എന്നിങ്ങനെ പലതരം സമൂസകൾ, പഴംപൊരി, പഴംനിറച്ചത്, കട്ട്ലറ്റ്, കിളിക്കൂട്, മുട്ടപ്പത്തിരി, മുട്ടമാല, മുട്ടബജി, ചട്ടിപ്പത്തിരി, ഇറച്ചികേക്ക്, കായ് പോള, ചിക്കൻ പൊക്കവട... നോമ്പുകാലം തുടങ്ങിയതോടെ രുചിയും മണവുമേറുന്ന ഇത്തരം പലഹാരങ്ങൾ വിപണി കീഴടക്കുകയാണ്.
നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ വൈകുന്നേരങ്ങളിൽ വിവിധ തെരുവുകൾ റമദാൻ വിഭവങ്ങളുടെ മണത്തിലലിയും. വീടുകളിൽ പലഹാരങ്ങളുണ്ടാക്കാൻ നേരവും സൗകര്യവുമില്ലാത്തവർക്കും ഇഫ്താർ പരിപാടികൾ നടത്തുന്നവർക്കും വിൽക്കാനായാണ് ഇത്തരം പലഹാര സ്റ്റാളുകൾ ഒരുങ്ങുന്നത്.
പത്തു രൂപ മുതലുള്ള വിഭവങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വെജ് സമൂസ, മസാലബോണ്ട, പൊരിച്ച പത്തിരി തുടങ്ങിയവക്ക് പത്തു രൂപയാണ്. ഉന്നക്കായ, മീറ്റ്, ചിക്കൻ സമൂസ, കട്ട്ലറ്റ് തുടങ്ങിയവ 13 രൂപക്കും ചിക്കൻ പത്തിരി, ഏലാഞ്ചി തുടങ്ങിയവ 15 രൂപക്കും ചിക്കൻ റോൾ 18 രൂപക്കും കിട്ടും. കിളിക്കൂട്, കായ് പോള തുടങ്ങിയവക്ക് 20 രൂപയാണ് വില. നഗരത്തിലും ഗ്രാമത്തിലും വിലയിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
നോമ്പുതുറ പലഹാരങ്ങളിൽ അന്നുമിന്നും മുന്നിലുള്ളത് മലബാർ ഐറ്റങ്ങൾ തന്നെ. ചിലർ വീടുകളിൽ തന്നെ വിവിധ പലഹാരങ്ങളുണ്ടാക്കി വൈകുന്നേരത്തോടെ അങ്ങാടികളിലെത്തി ചെറിയ തട്ടിട്ട് വിൽപന നടത്തും. ഇതുകൂടാതെ ഉന്തുവണ്ടി, കാർ തുടങ്ങിയവയിൽ വിൽപ്പന നടത്തുന്നവരുമുണ്ട്.
വൈകീട്ട് മൂന്ന് മുതൽ വിൽപന തുടങ്ങുന്നുണ്ടെങ്കിലും അഞ്ചുമണിക്കും ആറിനും ഇടയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനിടെ ലൈവായി പലഹാരമുണ്ടാക്കി ചൂടോടെ വിൽക്കുന്നവരുമുണ്ട്.
കൊച്ചി നഗരത്തിൽ കലൂർ കറുകപ്പള്ളി ജങ്ഷൻ നോമ്പുകാലത്തെ പലഹാര വിൽപനക്ക് പേരു കേട്ട കേന്ദ്രമാണ്, റമദാൻ രുചിയുടെ കലവറ എന്നു തന്നെ വിശേഷിപ്പിക്കാം.
ഹോട്ടലുകൾ കേന്ദ്രീകരിച്ചും അല്ലാതെയും നിരവധി പലഹാര സ്റ്റാളുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഉച്ചക്ക് രണ്ട് മുതൽ തുടങ്ങുന്ന വിൽപ്പന നോമ്പുതുറന്ന ശേഷവും നീളും. ഉന്നക്കായ, സമൂസ, കട്ട്ലറ്റ് തുടങ്ങിയ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കറുകപ്പിള്ളിയിലെ വ്യാപാരികൾ പറയുന്നു.
ഇതുകൂടാതെ മട്ടാഞ്ചേരി, മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂർ തുടങ്ങി ജില്ലയുടെ പല മേഖലകളിലും പലഹാര വിൽപന സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.