മരങ്ങൾ നീക്കിയില്ല; ഗതാഗതക്കുരുക്ക് രൂക്ഷമായി
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ കാവുംപടി റോഡിലേക്ക് സത്രക്കുന്ന് മലയിൽനിന്ന് വെട്ടിയിട്ട മരങ്ങൾ നീക്കാത്തത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. കനത്ത മഴയെ തുടർന്ന് മൂന്നാഴ്ച മുമ്പ് സത്രക്കുന്ന് മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. തുടർന്ന് റവന്യൂ വകുപ്പിന്റ നേതൃത്വത്തിൽ വെട്ടിനീക്കിയ മരങ്ങൾ കാവുംപടി റോഡിന്റ ഓരത്താണ് സൂക്ഷിച്ചിരിക്കുന്നത്.
തിരക്കേറിയ റോഡിൽനിന്ന് രണ്ടുദിവസത്തിനകം മരങ്ങൾ നീക്കംചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായതല്ലാതെ ഇതുവരെ ഇത് നീക്കം ചെയ്തിട്ടില്ല.
കോടതിയിൽ എത്തുന്ന അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങൾപാർക്ക് ചെയ്യുന്ന ഭാഗങ്ങളിലായി 400 മീറ്റർ ദൂരത്തിൽ റോഡ് അരികിലാണ് ഇവ വെട്ടിക്കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ വാഹനങ്ങൾ റോഡിൽകയറ്റിയാണ് പാർക്ക് ചെയ്യുന്നത്. നഗരവികസനത്തിന്റ ഭാഗമായി എം.സി റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം അധികവാഹനങ്ങളും കാവുംപടി റോഡുവഴിയാണ് കടന്നുപോകുന്നത്. ഇതിനിടെയാണ് റോഡിലേക്ക് കയറ്റിയുള്ള വാഹന പാർക്കിങ് വിനയായി മാറിയിരിക്കുന്നത്.
ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന നഗരത്തിൽ കൂടുതൽ കുരുക്ക് സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടിങ്കൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആർ.ഡി.ഒക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.