യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: ടൂർ പരിപാടി അവതാളത്തിലാക്കിയ ട്രാവൽ ഓപറേറ്റർ ആറുലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റ് മൂന്നുപേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജർമനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.
ഒരാളിൽനിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവൽ ഓപറേറ്റർ വിദേശയാത്ര വാഗ്ദാനം ചെയ്തത്. എന്നാൽ, സമയബന്ധിതമായി ജർമൻ വിസ ലഭ്യമാക്കാൻ ട്രാവൽ കമ്പനിക്ക് കഴിഞ്ഞില്ല. യാത്ര നിശ്ചയിക്കപ്പെട്ട തീയതിക്ക് ശേഷമാണ് വിസ അംഗീകാരം ലഭിച്ചത്. ഇത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് ആരോപിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
ബുക്ക് ചെയ്ത ടിക്കറ്റ് തുക ട്രാവൽ ഏജൻസിക്ക് വിമാനക്കമ്പനി നൽകിയെങ്കിലും തുക പരാതിക്കാർക്ക് കൈമാറുന്നതിലും എതിർകക്ഷി തയാറായില്ല. ഈ സാഹചര്യത്തിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയുണ്ടെന്ന് കണ്ടെത്തിയത്. ട്രാവൽ ഏജൻസിക്ക് കൈമാറിയ നാലരലക്ഷം കൂടാതെ ഒന്നരലക്ഷം നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.