ഈ റോഡൊന്ന് നന്നാക്കി കൂടേ? എത്ര തവണ പറയണം
text_fieldsപെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ പ്രധാന റോഡായ വല്ലം-പാണംകുഴി റോഡ് തകര്‍ന്ന് മാസങ്ങളായിട്ടും നന്നാക്കുന്നില്ലെന്ന് ആക്ഷേപം. ഐമുറി കവല മുതല്‍ കുറിച്ചിലക്കോട് വരെയാണ് തകർച്ച രൂക്ഷം.
ഐമുറി കവലയിലെ അശാസ്ത്രീയ കാനനിര്‍മാണമാണ് തകർച്ചക്കിടയാക്കിയത്. പെരുമ്പാവൂര്‍-കൂവപ്പടി, കൂവപ്പടി-ഇടവൂര്‍, തോട്ടുവ-നമ്പിള്ളി, കുറിച്ചിലക്കോട്-കീഴില്ലം, കുറിച്ചിലക്കോട്- മലയാറ്റൂര്‍ തുടങ്ങിയ റോഡുകള്‍ സന്ധിക്കുന്ന പ്രധാന വഴിയാണിത്.
കൂവപ്പടി, തോട്ടുവ, ചേരാനല്ലൂര്‍, കൂടാലപ്പാട്, കുറച്ചിലക്കോട്, കോടനാട്, ആലാട്ടുചിറ, പാണംക്കുഴി, മലയാറ്റൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള ഭാരവാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കപ്രിക്കാട് അഭയാരണ്യം, പണിയേലി പോര്, മലയാറ്റൂര്‍ കുരിശുമുടി, മഹാഗണിത്തോട്ടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴിയാണിത്. ഐമുറി കവലയില്‍ യൂനിയന്‍ ബാങ്കിന്റെ സമീപത്ത് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കുറിച്ചിലക്കോട് വില്ലേജ് ഓഫീസിന് മുന്നില്‍ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന ആഴമേറിയ കുഴികളില്‍ ബൈക്കുകള്‍ വീണ് അപകടം പതിവാണ്.
മാസങ്ങളായി റോഡ് തകര്‍ന്നിട്ടും പൊതുമരാമത്ത് വിഭാഗം നന്നാക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കോടനാട് പാലം വന്നതോടെ ഈ റോഡിന്റെ പ്രാധാന്യം കൂടിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് നന്നാക്കി യാത്രദുരിതം പരിഹരിച്ചില്ലെങ്കില്‍ ഉപരോധം അടക്കം സമര പരിപാടികള്‍ നടത്തുമെന്ന് ബി.ജെ.പി ഭാരവാഹികളായ ദേവച്ചന്‍ പടയാട്ടില്‍, പി.ടി. ഗോപകുമാര്‍, പി.എം. സുനില്‍കുമാര്‍, സത്യപാല്‍ കോലക്കാട്ട്, പി.ആര്. സലി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.